കോഴിക്കോട്: മൂന്നുദിവസത്തെ തിരുവനന്തപുരത്തെ തിരക്കിട്ട ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം രാജിവച്ച മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട്ടെ സ്വന്തം വസതിയിൽഎത്തി. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അദ്ദേഹം കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത്.
ഇന്നലെ രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള സ്കാനിയ ബസിലാണ് അദ്ദേഹം യാത്രതിരിച്ചത്. ഭാര്യ അനിതയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചുരുക്കം പ്രവർത്തകർമാത്രമാണ് അദ്ദേഹത്തെ കാത്ത് സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. ശേഷം കാറിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു.
ഫോണ് വിളി വിവാദത്തിൽ ജനങ്ങൾക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് സത്യസന്ധത തെളിയിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് രാജി വച്ചത്. എൻസിപിക്ക് മന്ത്രിയുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട, അത് തോമസ് ചാണ്ടി തന്നെയായിരിക്കും- അദ്ദേഹം പറഞ്ഞു.