വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂര എഴുന്നള്ളത്തിന് അമ്മയുടെ പൊൻതിടന്പേറ്റാൻ ഗജറാണി ഗുരുവായൂർ നന്ദിനി ഈ വർഷവു മെത്തുന്നു. ഗുരുവായൂരപ്പന്റെ ചൈതന്യവുമായി ഇത് അഞ്ചാം തവണയാണ് തുടർച്ചയായി നന്ദിനി കൊടുങ്ങൂരിൽ എത്തുന്നത്.
ഇന്നു വൈകിട്ട് കൊടുങ്ങൂരിൽ എത്തുന്ന നന്ദിനിക്ക് ക്ഷേത്രം ഉപദേശകസമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം ഒരുക്കിയിട്ടുണ്ട്. പൂർവാചാരപ്രകാരം കൊടുങ്ങൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പിടിയാനകളെ മാത്രമാണ് എഴുന്നളിപ്പിക്കാറുള്ളത്.
പിടിയാനകളെമാത്രം എഴുന്നള്ളിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.കഴിഞ്ഞ അഞ്ച് വർഷമായി കൊടുങ്ങൂരിൽ എത്തുന്ന നന്ദിനി ഇവിടുത്തുകാർക്കും ഇപ്പോൾ ഏറെ പ്രിയപ്പെട്ടവൾ തന്നെ. കൊടിയേറ്റ് മുതൽ കൊടിയിറക്ക് വരെ പത്തു ദിവസവും നന്ദിനിയായിരിക്കും കൊടുങ്ങൂരമ്മയുടെ പൊൻതിടന്പേറ്റുക.
കൊടുങ്ങൂർ വൈജയന്തി ചെരിഞ്ഞതിനു ശേഷമാണ് നന്ദിനി കൊടുങ്ങൂരിൽ എത്തിത്തുടങ്ങിയത്. കഴിഞ്ഞ 21 വർഷമായി ഗുരുവായൂരപ്പന്റെ തിരുവുത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിവസം 9 വലത്തും ആറാട്ട് ദിവസം 11ഉം കണ്ണന്റെ പൊൻതിടന്പുമായി ഓട്ട പ്രദക്ഷിണം വയ്ക്കാനുള്ള സൗഭാഗ്യം ലക്ഷണത്തികവുറ്റ ഈ ഗജറാണിക്കാണ്.
60 വയസ് പ്രായമുള്ള നന്ദിനിക്ക് 285 സെന്റിമിറ്ററാണ് ഉയരം.