മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്ന 1971, ബിയോണ്ട് ബോർഡേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. യുദ്ധരംഗങ്ങൾ തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. മോഹൻലാലിനൊപ്പം അല്ലു സിരീഷ്, സുധീർ കരമന, രൺജി പണിക്കർ തുടങ്ങിയവരും സൈനികവേഷത്തിൽ ട്രെയിലറിലെത്തുന്നു.
കീർത്തിചക്രയിൽ തുടക്കമിട്ട മേജർ മഹാദേവൻ പരമ്പരയിലെ നാലാം ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിൽ മോഹൻലാൽ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേജർ മഹാദേവനു പുറമേ, മേജർ മഹാദേവന്റെ അച്ഛനായ മേജർ സഹദേവനായും ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നു.
തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരം അല്ലു സിരീഷും മോഹൻലാലിനൊപ്പം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും. ഇന്ത്യ–പാകിസ്ഥാൻ യുദ്ധകാലത്തു നടന്ന ഒരു സംഭവമാണു ചിത്രത്തിന്റെ പ്രമേയം. ഏപ്രിൽ ഏഴിന് ചിത്രം തീയറ്ററുകളിലെത്തും.
ട്രെയിലർ കാണാം: