ഭൂമിയിൽ വാനംമാന്തി അടിത്തറ കെട്ടിയാണ് സാധാരണ കെട്ടിടങ്ങൾ പണിയുന്നത്. എന്നാൽ ആകാശത്തുനിന്നും തൂങ്ങിക്കിടക്കുന്ന കെട്ടിടങ്ങളുടെ മാതൃകയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരുകൂട്ടം ആർക്കിടെക്റ്റുകൾ. ഭൂമിയിൽനിന്നും 31,068 മൈൽ ഉയരത്തിൽ ഭൂമിയെ വലയംവയ്ക്കുന്ന ഒരു നക്ഷത്രങ്ങളിലോ ചെറുഗ്രഹങ്ങളിലോ ആയിരിക്കും കെട്ടിടം നിർമിക്കുക. നക്ഷത്രത്തിന്റെ ചലനത്തിനനുസരിച്ച് കെട്ടിടത്തിനും സ്ഥാനമാറ്റമുണ്ടാകും. 24 മണിക്കൂറിനുള്ളിൽ ഭൂമിയുടെ വിവിധ ഭാഗങ്ങൾ കാണാൻ ഈ കെട്ടിടത്തിലെ താമസക്കാർക്കാകും.
ചൊവ്വാഗ്രഹത്തിൽ പണിയാൻ ഉദ്ദേശിക്കുന്ന ഭവനങ്ങൾ രൂപകല്പന ചെയ്ത ക്ലൗഡ്സ് ആർക്കിടെക്ച്ചർ ഓഫീസ് എന്ന കന്പനിയാണ് ഈ തൂങ്ങും കെട്ടിടവും രൂപകല്പന ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ ഓർബിറ്റൽ സപ്പോർട്ട് സിസ്റ്റം എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബലമുള്ള കേബിളുകൾ ഉപയോഗിച്ചാണ് കെട്ടിടം നക്ഷത്രങ്ങളിൽ തൂക്കിയിടുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലകൾ ബിസിനസ് ആവശ്യങ്ങൾക്കും നടുവശത്തുള്ള നിലകൾ താമസത്തിനും ഉപയോഗിക്കും. വിനോദത്തിനും പൂന്തോട്ട നിർമാണത്തിനും ഷോപ്പിംഗിനും പ്രാർഥനയ്ക്കുമൊക്കെ ഇവിടെ പ്രത്യേകം സ്ഥലങ്ങളുണ്ടാകും.
കെട്ടിടത്തിലേക്കാശ്യമായ വൈദ്യുതിക്കായി സൗരോർജ പാനലുകൾ സ്ഥാപിക്കും. മേഘങ്ങളെ കൃത്രിമമായി ഘനീഭവിപ്പിച്ച് വെള്ളമാക്കി മാറ്റി കെട്ടിടത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് പദ്ധതി. അനലിമ എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ഇത്.