കോട്ടയം: കോട്ടയം നഗരമധ്യത്തിലും പ്രാന്തങ്ങളിലും താൻ നട്ടുവളർത്തിയ നൂറോളം നാട്ടുമാവുകൾ ആദ്യമായി പൂത്തു ശിഖിരങ്ങൾ ചായുവോളം കായ്ഫലം തന്നതിന്റെ സന്തോഷത്തിലാണ് പ്രഫ. സി.പി. റോയി. നാട്ടുമാവ് മുറ്റത്ത് കുരുപ്പിച്ച് മഴക്കാലത്തു വഴിയോരങ്ങളിൽ നടുകയെന്നത് ഈ പ്രകൃതിസ്നേഹിയുടെ എക്കാലത്തെയും ശീലമാണ്. കർക്കിടക സായാഹ്നങ്ങളിൽ പെരുമഴ നനഞ്ഞിറങ്ങി വഴിയോരങ്ങളിൽ കുഴിയെടുത്ത് ഈ അധ്യാപകൻ നട്ടിരിക്കുന്നത് അഞ്ഞൂറിലേറെ മാവുകളാണ്.
ചക്കര, കോമാവ്, മൈലാപ്പു, കിളിച്ചുണ്ടൻ തുടങ്ങി പത്തിരുപത് ഇനം മാവുകൾ നഗരത്തിന് കുടചൂടി വളരുന്നു. അതിൽ തലയെടുപ്പുള്ള നൂറെണ്ണമാണ് ഇക്കൊല്ലം നിറഞ്ഞു കായിട്ടത്. പോലീസ് പരേഡ് ഗ്രൗണ്ട്, പച്ചക്കറി മാർക്കറ്റ്, ജില്ലാ ആശുപത്രി, ഈരയിൽകടവ്, ഗിരിദീപം കാന്പസ് തുടങ്ങി നഗരവഴികളിലുടനീളമുണ്ട് സി.പി. റോയിയുടെ സ്വന്തം മാവുകൾ.
നാലുവർഷം മുന്പ് പച്ചക്കറി മാർക്കറ്റ് ആരംഭിച്ചപ്പോൾ നട്ട നാട്ടുമാവുകളാണ് ഇപ്പോൾ കായിട്ടിരിക്കുന്നത്. മാർക്കറ്റിലേക്കുള്ള റോഡിലും മാർക്കറ്റിന്റെ പുറകിലും നട്ട മാവുകളാണ് ഇപ്പോൾ ഫലം നൽകിയിരിക്കുന്നത്. ജോലി സമയം കഴിഞ്ഞു വൈകുന്നേരങ്ങളിൽ കിട്ടുന്ന മൂന്നു മണിക്കൂർ നേരം കൊണ്ട് അദ്ദേഹം കോട്ടയം നഗരത്തിലും പരിസരത്തും മുഴുവൻ മരം നടുകയായിരുന്നു. മാവുകൾ മാത്രമല്ല വാക, കണിക്കൊന്ന, ഉങ്ങ് തുടങ്ങിയവയും നട്ടു. വാഹനം കയറിയും കാലികൾ തിന്നും കാടുകയറിയും ഒട്ടേറെ തൈകൾ തൈകൾ നഷ്ടപ്പെട്ടെങ്കിലും റോയി സാർ തന്റെ മരം നടീൽ തുടർന്നു.
പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തെ റോഡിലാണ് ആദ്യം മരം നട്ടു തുടങ്ങിയത്. പിന്നീട് കോടിമതയിൽ പച്ചക്കറി മാർക്കറ്റ് ആരംഭിച്ചപ്പോൾ അവിടെ മരം നടാൻ തുടങ്ങി. ഇവിടെ മാവുകളായിരുന്നു ഏറെയും നട്ടത്. ഇപ്പോൾ നിർമാണം പൂർത്തിയായി വരുന്ന ഈരയിൽ കടവ് കോടിമത റോഡിലും നാട്ടകംതിരുവാതുക്കൽ പടിഞ്ഞാറൻ ബൈപാസിലും നൂറോളം മാവുകൾ നട്ടു കഴിഞ്ഞു. രണ്ടു റോഡുകളിലേയും ഓരോ റിഫ്ളക്്ടറിനും ഒരു മാവ് എന്ന കണക്കിലാണ് മാവുകൾ നടുന്നത്.
താൻ നട്ട വളർത്തിയ മാവിലെ ഒരു മാങ്ങ പറിക്കാൻ പോലും റോയി സാർ എത്തില്ല. ഫലമെല്ലാം നാട്ടുകാർക്കും പക്ഷികൾക്കുമുള്ളതാണെന്നാണ് ഈ മരസ്നേഹി പറയുന്നത്. ഓരോ വർഷവും പ്രഫ. റോയി മാങ്ങയണ്ടികൾ ശേഖരിക്കും. ഇവ മുളപ്പിച്ച് തൈകളാക്കിയതിനുശേഷം സൗകര്യപ്രദമായ റോഡുകളിൽ നടുകയാണ് പതിവ്. ഇദ്ദേഹം ഇപ്പോൾ പഠിപ്പിക്കുന്ന ഗിരിദീപം കോളജും മാവുകളാൽ സമൃദ്ധമാണ്. കോട്ടയം റെസ്റ്റ് ഹൗസിൽ തപോവനം എന്ന പേരിൽ ഒരു വനവും ഇദ്ദേഹം ഉണ്ടാക്കിയിരിക്കുന്നു.