പെരുന്പാവൂർ: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയും ബന്ധുവും ഉൾപ്പെടെ മൂന്നു പേരെ കുറുപ്പംപടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നാൽപത്തിമൂന്നുകാരി യായ മാതാവ്, കോതമംഗലം സ്വദേശി ജോയി (65), ബന്ധു കൂടിയായ ഇടുക്കി സ്വദേശി ഉമാഭവൻ ശേഖർ (49) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന കൊല്ലം സ്വദേശിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് പെരുന്പാവൂർ പോലീസ് അറിയിച്ചു.
അമ്മയുടെ അടുപ്പക്കാരാണു കേസിലെ പ്രതികൾ. ഇവർ പെണ്‍കുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകരായിരുന്നു. കുട്ടിയെ പീഡിപ്പിപ്പിക്കാൻ അമ്മയും ഇവർക്ക് ഒത്താശ ചെയ്തിരുന്നതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ പീഡന വിവരം പുറത്തു വിടുമെന്നു പറഞ്ഞു ജോയിയിൽനിന്നും കൊല്ലം സ്വദേശിയിൽനിന്നും പണം വാങ്ങിയതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചൊവ്വാഴ്ച ക്ലാസിലെത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് മർദിച്ച പാട് കണ്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിൽ പരാതി നൽകിയത്. ഈ കുട്ടിയെ ബാലവേലയ്ക്ക് ഉപയോഗിച്ചതിനു അമ്മയ്ക്കെതിരെ കേസ് നിലവിലുണ്ട്. കുട്ടി ഇപ്പോൾ അനാഥാലയത്തിലാണുള്ളത്.