ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി കൂടി മന്ത്രിസഭയിലേക്ക് എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണത്തിൽ ആലപ്പുഴ ഒന്നാമത്. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവരാണു നിലവിൽ ആലപ്പുഴയിൽനിന്നുള്ള മന്ത്രിമാർ. എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിലേക്ക് എൻസിപിയുടെ പ്രതിനിധിയായാണു തോമസ് ചാണ്ടി എത്തുന്നത്. ഐക്യകേരള രൂപീകരണത്തിനു ശേഷം കുട്ടനാടൻ മേഖലയ്ക്കു ലഭിക്കുന്ന ആദ്യ മന്ത്രിസ്ഥാനം കൂടിയാകും തോമസ് ചാണ്ടിയുടേത്.
19 അംഗ മന്ത്രിസഭയിൽ നാലു മന്ത്രിമാരുമായി മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരായിരുന്നു ഒന്നാമത്. വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജൻ രാജിവച്ചതോടെ മന്ത്രിമാരുടെ എണ്ണത്തിൽ കണ്ണൂരും ആലപ്പുഴയും ഒപ്പത്തിനൊപ്പമായി. അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്കെത്തിയതോടെ ആലപ്പുഴയ്ക്കായി മേൽക്കോയ്മ.
സമീപ മണ്ഡലങ്ങളിലെ നാലു ജനപ്രതിനിധികൾ ഒരേ മന്ത്രിസഭയിൽ ഉൾപ്പെടുകയെന്ന അപൂർവ റിക്കാർഡും ആലപ്പുഴ ഇതോടെ നേടി. ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ എംഎൽഎമാർ മന്ത്രിമാരായപ്പോൾ ചേർന്നുള്ള ഹരിപ്പാട് മണ്ഡലത്തിലെ എംഎൽഎ രമേശ് ചെന്നിത്തലയാണു പ്രതിപക്ഷനേതാവ്. ഇതോടെ ഒന്പതു മണ്ഡലങ്ങളുള്ള ജില്ലയിലെ അഞ്ചുജനപ്രതിനിധികളും താക്കോൽ സ്ഥാനങ്ങളിലെത്തിയിരിക്കുകയാണ്.
രണ്ടാം യുപിഎ കേന്ദ്രമന്ത്രിസഭയിൽ ആലപ്പുഴയിൽനിന്നു നാലു മന്ത്രിമാരുണ്ടായിരുന്നു. കാബിനറ്റ് റാങ്കോടെ എ.കെ. ആന്റണിയും വയലാർ രവിയും മന്ത്രിമാരായിരുന്നപ്പോൾ നിലവിലെ എംപിമാരായ കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും സഹമന്ത്രിമാരുമായിരുന്നു. സംസ്ഥാനത്തെ ആദ്യമന്ത്രിസഭ മുതൽ എല്ലാ നിയമസഭാ കാലയളവിലും ആലപ്പുഴയ്ക്കു പ്രാതിനിധ്യമുണ്ടായിട്ടുണ്ട്.
ഇ.എം.എസ്. മന്ത്രിസഭയിൽ മന്ത്രിദന്പതികളായ ടി.വി. തോമസ്- കെ.ആർ. ഗൗരി എന്നിവരിൽ തുടങ്ങിയ പാരന്പര്യം ഇന്നു തോമസ് ചാണ്ടിയിലെത്തി നിൽക്കുന്നു. എ.കെ. ആന്റണിയും പി.കെ. വാസുദേവൻ നായരും ആലപ്പുഴയിൽനിന്നുള്ള മുഖ്യമന്ത്രിമാരായപ്പോൾ വയലാർ രവി, രമേശ് ചെന്നിത്തല, തച്ചടി പ്രഭാകരൻ, സുശീല ഗോപാലൻ, പി.എസ്. ശ്രീനിവാസൻ, ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ, എം.എം. ഹസൻ, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണു മന്ത്രിപദവിയിലെത്തിയത്.
ആലപ്പുഴക്കാരനായ വി.എസ്. അച്യുതാനന്ദൻ മലന്പുഴയിൽനിന്നു വിജയിച്ചാണു മുഖ്യമന്ത്രി പദത്തിലെത്തിയത്. ഇതുകൂടാതെ ലോക്സഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുള്ള വി.എം. സുധീരനും മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ശങ്കരനാരായണൻ തന്പിയായിരുന്നു ഐക്യകേരളത്തിലെ ആദ്യ സ്പീക്കർ. ആദ്യ ഡെപ്യൂട്ടി സ്പീക്കറും ആലപ്പുഴ ജില്ലയിലുൾപ്പെടുന്ന കായംകുളത്തുനിന്നുള്ള കെ.എ. ഐഷാബായിയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചിട്ടുള്ള നബീസത്ത് ബീവി 1961 ഏപ്രിൽ 18 മുതൽ ജൂണ് എട്ടുവരെ സ്പീക്കറുടെ താത്കാലിക ചുമതല വഹിച്ചു.
ഐക്യകേരളം രൂപപ്പെടുന്നതിനു മുന്പ് തിരു-കൊച്ചി മന്ത്രിസഭയിൽ കുട്ടനാട് ഉൾപ്പെടുന്ന ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു കെ.എം. കോരയും മന്ത്രിപദവി വഹിച്ചിരുന്നു.
വി.എസ്. ഉമേഷ്