അന്യഗ്രഹ ജീവികള്‍ എന്ന വിഭാഗത്തെക്കുറിച്ച് എക്കാലവും ഭീതിയോടെ മാത്രമെ മനുഷ്യര്‍ ചിന്തിച്ചിട്ടുള്ളു. ഭൂമിയിലേക്ക് അവ എത്തിപ്പെട്ടാലുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയായിരിക്കും എന്നതിനെക്കുറിച്ച് ലോകത്തെ ഒട്ടുമിക്ക ശാസ്ത്ര ഗവേഷകരും ആശങ്കപ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ മനുഷ്യര്‍ ഭയക്കുന്നതുപോലെ അത്ര ഭീകരരാവില്ല എന്നാണ് ആദ്യകാല ചന്ദ്രയാത്രകളില്‍ പങ്കാളിയായ അലന് ബീന്‍ പറയുന്നത്. ഒരു ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്യഗ്രഹജീവികളെ സംബന്ധിച്ച തന്റെ അഭിപ്രായം അലന് തുറന്നുപറഞ്ഞത്.
അന്യഗ്രഹ ജീവികളുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇതുവരെ ഭൂമിയിലെത്തിയില്ലെങ്കിലും വൈകാതെ അവ എത്തിപ്പെടുകതന്നെ ചെയ്യും. പക്ഷേ അവര്‍ നാം കരുതുന്നപോലെ ഉപദ്രവകാരികളായിരിക്കില്ല, മറിച്ച് സഹായ മനസ്ഥിതി ഉള്ളവരായിരിക്കും എന്നാണ് അലന് ബീന്‍ പറയുന്നത്. ”സൂര്യനേപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയില്‍ ജീവനും നാഗരികതയും കണ്ടേക്കാം. പക്ഷേ അവര്‍ എത്രത്തോളം അക്രമകാരിയാണെന്നാണ് പറയാനാവില്ല. ചിലപ്പോള്‍ 10000 വര്‍ഷം മുമ്പ് മനുഷ്യര്‍ എങ്ങനെയായിരുന്നോ അതുപോലെയാവാം അവരും. അല്ലങ്കില്‍ 10000 വര്‍ഷം കഴിഞ്ഞ് നാം എങ്ങനെയാവും അതേപോലെയുള്ളവരും. ചിലപ്പോള്‍ നമ്മെപ്പോലെതന്നെ. എന്തായാലും ഇത്ര അകലെനിന്ന് എത്താന്‍ അതുപോലുള്ള സാങ്കേതിക മികവ് കൂടിയേതീരൂ.
അത് അവരുടെ ചിന്തയിലും സ്വഭാവത്തിലും പ്രതിഫലിക്കും” അലന് പറയുന്നു. ഏതായാലും മനുഷ്യനെ സഹായിക്കാനുള്ള മനസ്ഥിതി അവര്‍ പ്രകടിപ്പിക്കും. ഉദാഹരണത്തിന് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ മരുന്ന് അവര്‍ വികസിപ്പിച്ചിട്ടുണ്ടാകും. അവര്‍ അത് തരുന്നതുപോലെ നമ്മുടെ കയ്യിലെ സാങ്കേതിക വിദ്യകള്‍ അവര്‍ക്കും നല്‍കാം. കൊടുക്കല്‍ വാങ്ങലുകളിലൂടെയാവും അന്ന് ഇരുകൂട്ടരും നീങ്ങുക. 1000 വര്‍ഷം കൊണ്ടുതന്നെ ഇത് സാധ്യമാകുമെന്നും അലന് പ്രതീക്ഷ പ്രകടിപ്പിച്ചു. നാസയുടെ ചാന്ദ്ര ദൗത്യങ്ങളായ അപ്പോളോ 12ലാണ് അലന് ആദ്യമായി പങ്കെടുത്തത്. ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് ആയിരുന്നു അദ്ദേഹം. നാസയുടെ സാങ്കേതിക തികവാര്‍ന്ന ചാന്ദ്ര പദ്ധതിയായിരുന്നു അപ്പോളോ 12. പില്ക്കാലത്ത് നാസയില്‍ നിന്ന് ജോലി രാജിവച്ച അലന് ഇപ്പോള്‍ ചിത്രരചനക്കായാണ് മുഴുവന്‍ സമയവും നീക്കിവച്ചിരിക്കുന്നത്.