സ്വന്തം ലേഖകൻ
കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം തീയറ്ററുകൾക്കു മുന്നിൽ വീണ്ടും താര ഫാൻസുകാർ തമ്മിൽ പോര്. ഒരിക്കൽ കൂടി കളക്ഷൻ റെക്കോർഡുകൾ പറഞ്ഞ് സിനിമയുടെ പരസ്യ പ്രചാരണം അരങ്ങുതകർക്കുകയാണ്. അത് പരമാവധി സോഷ്യൽമീഡിയയിലും തീയറ്ററുകൾക്കുമുന്നിലും ഷെയർ ചെയ്ത് ഫാൻസുകാരും.
വ്യാഴാഴ്ച പുറത്തിറങ്ങിയ മമ്മൂട്ടിചിത്രം ഗ്രേറ്റ് ഫാദർ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ കോലാഹലം. സിനിമയുടെ ആദ്യ ദിന കളക്ഷൻ 4.31 കോടി രൂപയാണെന്നും ഇത് മലയാള സിനിമയിലെ റെക്കോർഡാണെന്നും അണിയറക്കാർ പറയുന്നു. നടൻ പൃഥിരാജിന്റെ നിർമാണ കന്പനിയായ ഓഗ്സ്റ്റ് സിനിമയാണ് ചിത്രം നിർമിച്ചത്. അദ്ദേഹം ഫേസ് ബൂക്കിലൂടെ ചിത്രത്തിന്റെ കളക്ഷൻ ആരാധകരെ അറിയിക്കുകയും ചെയ്തു. മലയാളസിനിമാ ചരിത്രത്തിലെ തന്നെ വേറിട്ടൊരു പരസ്യതന്ത്രമായിരുന്നു പൃഥിരാജ് സ്വീകരിച്ചത്.
എന്നാൽ മലയാളത്തിലെ ആദ്യത്തെ നൂറുകോടി ക്ലബ് ചിത്രം പുലിമുരുകന്റെ റെക്കോർഡ് തിരുത്താൻ ചിത്രത്തിനായിട്ടില്ലെന്ന് മോഹൻലാൽ ഫാൻസും ചിത്രത്തിന്റെ അണിയറക്കാരും വാദിക്കുന്നു. മമ്മൂട്ടിചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ആദ്യം പുറത്തുവന്ന കണക്കുപ്രകാരം 3.68 കോടി രൂപയാണെന്നും പുലുമുരുകൻ 4.8 കോടി രൂപ ആദ്യ ദിനം നേടിയെന്നും ഇവർ പറയുന്നു. മാത്രമല്ല ചിത്രം ഇപ്പോഴും ചുരുക്കം ചില തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ടുതാനും. പുലിമുരുകനുമായി ഗ്രേറ്റ് ഫാദറിനെ താരതമ്യപ്പെടുത്തരുതെന്നാണ് ഇവരുടെ വാദം.
മമ്മൂട്ടിചിത്രം പ്രദർശിപ്പിക്കുന്ന കോഴിക്കോട് അപ്സര തീയറ്ററിനു മുൻപിൽ ചേരി തിരിഞ്ഞ് കളക്ഷൻ റിക്കോർഡുകളെ കുറിച്ചുള്ള ഫാൻസുകാരുടെ വാദ പ്രതിവാദങ്ങൾ അരങ്ങുതകർക്കുകയാണ്. കാര്യമിതൊക്കെയാണെങ്കിലും ഒരിക്കൽ കൂടി കളക്ഷൻ റിക്കോർഡുകൾ കൂട്ടിപറഞ്ഞ് തിയറ്ററുകളിൽ ആളെ നിറയ്ക്കാനുള്ള പരസ്യ തന്ത്രം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു.
അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ആരാധകരിൽ ഏറ്റവും ആകാംക്ഷ ഉണർത്തി എത്തിയ ചിത്രമായിരുന്നു “ദി ഗ്രേറ്റ് ഫാദർ’. നവാഗതനായ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ, പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ നിർമ്മിച്ച ചിത്രത്തിന് വലിയ പ്രീറിലീസ് പബ്ലിസിറ്റി ഉണ്ടായിരുന്നു. കേരളത്തിൽ 202 തീയറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് നൂറ്റന്പതോളം സ്ക്രീനുകളിലുമായി വന്പൻ റിലീസായിരുന്നു ചിത്രത്തിന്. കേരളത്തിലെ 202 സ്ക്രീനുകളിൽ മാത്രം 958 പ്രദർശനങ്ങൾ നടന്നതായാണ് നിർമ്മാതാക്കൾ നൽകുന്ന വിവരം.
നിലവിൽ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയർന്ന ആദ്യദിന കളക്ഷൻ മോഹൻലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകന്റെ പേരിലായിരുന്നു. 4.08 കോടിയായിരുന്നു ബോക്സ്ഓഫീസിൽ 150 കോടി നേടിയ പുലിമുരുകന്റെ ആദ്യദിന കളക്ഷൻ. എന്നാൽ കേരളത്തിൽ നിന്ന് ഏറ്റവുമുയർന്ന ആദ്യദിന ഇനിഷ്യൽ നേടിയ സിനിമ പുലിമുരുകൻ ആയിരുന്നില്ല.
മാസ് അപ്പീലിൽ വന്പൻ പ്രചരണവുമായെത്തിയ രജനീകാന്ത് ചിത്രം കബാലിക്കായിരുന്നു ആ റെക്കോർഡ്. ജൂലൈ 22-ന് റിലീസ് ദിവസത്തിൽ മാത്രം 4.27 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് വാരിയത്. ഇതിനെയും പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി ചിത്രമെന്നാണ് അണിയറക്കാർ പറയുന്നത്. കളക്ഷൻ റെക്കോർഡ് എങ്ങിനെയാണ് മറികടക്കുന്നതെന്ന് എപ്രിൽ എഴിന് കാണാമെന്നാണ് മോഹൻലാൽ ഫാൻസുകാരുടെ വാദം. മോഹൻലാൽ- മേജർ രവി ചിത്രം 1971 ബിയോണ്ട് ദിബോർഡർ റിലീസ് ചെയ്യുന്നത് എഴിനാണ്.