തൃശൂർ: അത്താണിയിൽ ഇന്നു മുതൽ നടത്താനിരുന്ന പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ടെസ്റ്റിന് ആരും എത്താതിരുന്നതിനാലാണ് ടെസ്റ്റ് മുടങ്ങിയതെന്ന് ആർടിഒ റെജി പി.വർഗീസ് പറഞ്ഞു. എന്നാൽ പുതിയ രീതിയിലുള്ള ടെസ്റ്റ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിൽ പോയിട്ടുള്ളതിനാലാണ് തങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് എത്താതിരുന്നതെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ വിശദീകരണം.
പുതിയ രീതിയിലുള്ള ടെസ്റ്റിന് ഫോർ വീലിന് എച്ച് എടുക്കുന്നതിനു പുറമേ പാർക്കിംഗും കൂടി വിജയകരമായി രീതിയിൽ ചെയ്യുന്നവർക്കു മാത്രമേ ടെസ്റ്റ് പാസാകാൻ സാധിക്കൂ. കൂടാതെ വാഹനം ഓടിക്കുന്പോൾ കയറ്റത്തു നിർത്തിയുള്ള പരീക്ഷണവും നടത്തണം. ഇത്തരം കാര്യങ്ങൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവിംഗ് സ്കൂളുകാർ പുതിയ രീതിയിലുള്ള ടെസ്റ്റിനെ എതിർക്കുന്നത്.
രാവിലെ ടെസ്റ്റ് നടത്താൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അത്താണിയിലെ ഗ്രൗണ്ടിലെത്തിയിരുന്നെങ്കിലും ആരും സഹകരിക്കാത്തതിനാൽ ഇന്നത്തെ ടെസ്റ്റ് മുടങ്ങുകയായിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെ നിസഹകരണം നടത്തുകയോ, പുതിയ രീതിയിലുള്ള ടെസ്റ്റിന് മാറ്റം വരുത്തുകയോ ചെയ്യാതെ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാനാണ് നീക്കം. എന്നാൽ സർക്കാർ തീരുമാനിച്ച തീരുമാനങ്ങൾക്ക് തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്ന് ആർടിഒ പറഞ്ഞു.