അതിരപ്പിള്ളി: ബുദ്ധിയില്ലാത്ത ഭരണാധികാരികളാണ് പുഴയും കാടും വേണ്ട എന്നു പറയുകയെന്നു നടൻ ശ്രീനിവാസൻ. ആലോചിച്ചു സമയം കളയേണ്ട ആവശ്യമില്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളിയിലേത്. ഇടത്തട്ടുകാർക്കു പണം അടിച്ചുമാറ്റാനുള്ള അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നീക്കം സംസ്ഥാന സർക്കാർ നിർത്തിവയ്ക്കണമെന്നു ശ്രീനിവാസൻ ആവശ്യപ്പെട്ടു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ തൃശൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളി വാഴച്ചാൽ ആദിവാസി കോളനി പരിസരത്തു സംഘടിപ്പിച്ച ആദിവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളാറിൽനിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് 6.50 രൂപ വേണമെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. സൗരോർജം നല്കുന്നതിനു സൂര്യന് വാടക വേണോ എന്നുപോലും സംശയിക്കത്തക്ക രീതിയിലാണ് കണക്കുകൾ കാണിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ ഒരു ശതമാനം പോലും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ വനവും പുഴയും നശിച്ചാലും ഈ പദ്ധതി നടപ്പിലാക്കണമെന്ന വാശിയാണ് ചിലർക്ക്.
138 ഹെക്ടർ വനം ഇല്ലാതാക്കിയാണ് ഇക്കൂട്ടർ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഒരു ചെറിയ ജീവിക്കു വംശനാശം സംഭവിക്കാൻ ഇടയുണ്ടെന്നു കാണിച്ചാണ് അദാനിക്ക് ഓസ്ട്രേലിയയിൽ ഒരു സ്ഥലത്ത് ഖനനം ചെയ്യാൻ അനുമതി നിഷേധിച്ചത്. ബുദ്ധിയുള്ള നാട്ടിലെ ഭരണാധികാരികളും ശാസ്ത്രജ്ഞരും അത്തരത്തിലാണ് ചിന്തിക്കുക. പെരിയാറിന്റെ തീരത്ത് റെഡ് കാറ്റഗറിയിലുള്ള 83 കന്പനികൾ ഉൾപ്പെടെ 250ഓളം സിന്തറ്റിക് റൂട്ടൈൽ ഉത്പാദിപ്പിക്കുന്ന കന്പനികളാണ് പ്രവർത്തിക്കുന്നത്.
വിമാനത്തിലും ആയുധങ്ങളിലും ഉപയോഗിക്കുന്ന തൂക്കം കുറഞ്ഞതും ബലമുള്ളതുമായ ഈ ഉത്പന്നം കയറ്റുമതി ചെയ്യുന്നത് ജപ്പാനിലേക്കും ഓസ്ട്രേലിയയിലേക്കുമാണ്. ഈ ഉത്പന്നം ആവശ്യമായിട്ടും ജനജീവിതത്തിനു ഭീഷണിയാകുമെന്നു തിരിച്ചറിയുന്ന ജപ്പാനിലേയും ഓസ്ട്രേലിയയിലേയും ഭരണകൂടങ്ങൾ അവ സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കാൻ തയാറാകുന്നില്ല. അങ്ങനെയാണ് ബുദ്ധിയുള്ളവർ ചെയ്യുക.
മണ്ടൻമാരുള്ളിടത്ത് ഇത്തരം ഫാക്ടറികൾ സ്ഥാപിക്കുകയും അതിന്റെ ദുരന്തഫലം അനുഭവിക്കുകയും ചെയ്യും. ഭൂട്ടാനിലെ നിലവിലെ 60 ശതമാനം വനം 70 ശതമാനമാക്കിയാണ് ജനങ്ങൾക്കു ശുദ്ധവായു ലഭിക്കാനുള്ള സൗകര്യം സൃഷ്ടിച്ചത്. പത്തിരട്ടി മലിനീകരണം സംഭവിച്ചാലും പര്യാപ്തമാണ് ഈ വനവിസ്തൃതി. ഈ സമയത്താണ് വനം വേണ്ട എന്നു ഭരണാധികാരികൾ പറയുന്നത്. അതിരപ്പിള്ളി പദ്ധതിക്കെതിരായ പോരാട്ടത്തിൽ ആദിവാസികൾക്കൊപ്പം എന്നുമുണ്ടാകുമെന്നും ശ്രീനിവാസൻ പ്രഖ്യാപിച്ചു.
ആദിവാസി ഉൗരുമൂപ്പത്തി ഗീതയും ആദിവാസികളും കുരവയിട്ടാണ് ശ്രീനിവാസനെ സ്വീകരിച്ചത്. ഓലത്തൊപ്പിയണിയിച്ചാണ് സമരത്തിലേക്ക് ഗീത ശ്രീനിവാസനെ സ്വാഗതം ചെയ്തത്. മറ്റുള്ളവർ ഏലക്കാ മാലയണിയിച്ചു. ഇലയിലും പാള പ്ലേറ്റിലും ചക്കപ്പഴവും കപ്പപ്പുഴുക്കും, ജീരക വെള്ളവുമാണ് സമരക്കാർക്കു ഭക്ഷണമായി നല്കിയത്.
ഡിസിസി പ്രസിഡന്റ് ടി.എൻ പ്രതാപൻ അധ്യക്ഷത വഹിച്ചു. കാടർ ആദിവാസി ഉൗരുമൂപ്പത്തി ഗീത, ചാലക്കുടി പുഴ സംരക്ഷണസമിതി ചെയർമാൻ എസ്.പി രവി, അനിൽ അക്കര എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്ക എന്നിവർ സംസാരിച്ചു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹിമാൻകുട്ടി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, ജോസ് വള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.