തളിപ്പറമ്പ്: പൂണങ്ങോട് എഎല്‍പി സ്കൂളിലെ കുട്ടികള്‍ ഇനി എല്ലാ ദിവസവും ട്രെയിനില്‍ കയറി പഠനം നടത്തും. സ്കൂള്‍ ക്ലാസ് മുറിയുടെ ചുമരുകള്‍ ട്രെയിന്‍ ബോഗിയുടെ മോഡലില്‍ നിർമിച്ചാണ് സ്കൂളിന്റെ പുതിയ കെട്ടിടം പണിതിരിക്കുന്നത്.
ട്രെയിന്‍ വാതിലിലൂടെ ക്ലാസില്‍ കയറുന്ന രീതിയിലാണ് രൂപകല്പന. സ്കൂളിലെ പൂര്‍വ വിദ്യാർഥി ഉനൈസിന്റെ കരവിരുതിലൂടെ ഉരുത്തിരിഞ്ഞ ട്രെയിന്‍ ക്ലാസ്മുറികള് കുട്ടികളേയും നാട്ടുകാരേയും ഒരുപോലെ ആകര്‍ഷിക്കുന്നു. അസ്ഫാഖ്, ഹസന്‍കുഞ്ഞി, മുനവ്വിര്‍, സിറാജ് എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഇന്ന് വൈകുന്നേരം അഞ്ചിന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും.
ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. കലാഭവന്‍ രാഗേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മനോജ് പട്ടാന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാധ്യാപിക ഡെയ്സി തോമസ്, പി.വി.സജീവന്, പി.ജെ.മാത്യു, പ്രമീളരാജന്‍, സി.പ്രതീഷ്, എം.പത്മനാഭന്, ഇ.ശശിധരന്, പി.വി.സുഹറ, കെ.ബാലകൃഷ്ണന്, കെ.വി.സഹദേവന്, എം.അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിക്കും.