സുൽത്താൻ ബത്തേരി: കുടിവെള്ളത്തിനായി പരക്കം പായുന്ന വന്യമൃഗങ്ങൾക്ക് ആശ്വാസമാകാൻ വനം വകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിലെ കുളങ്ങളിൽ ദാഹജലം നിറക്കാൻ വനം വകുപ്പ് നടപടി ആരംഭിച്ചു. അതിശക്തമായ വരൾച്ചയിൽ വയനാട് വന്യജീവി സങ്കേതത്തിലെ കുളങ്ങളും പുഴകളും വറ്റിയിരുന്നു. ഇതോടെ കുടിവെള്ളത്തിനായി വന്യമൃഗങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ്. ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കുളങ്ങളിൽ വെള്ളം നിറക്കുന്നത്. ഇപ്പോഴും ചെറിയ നനവുള്ള കുളങ്ങളിലാണ് വെള്ളം നിറക്കുന്നത്. വന്യജീവി സങ്കേതത്തിലെ എലിഫെന്റ് ടാസ്ക്ഫോഴ്സിന്റെ ലോറി ഉപയോഗിച്ചാണ് ഉൾവനത്തിൽ വെള്ളമെത്തിക്കുന്നത്.
5000 ലിറ്റർ ശേഷിയുള്ള രണ്ട് ടാങ്കുകളും അഞ്ച് കുതിരശക്തിയുള്ള രണ്ട് മോട്ടോറുമാണ് വെള്ളം പന്പ് ചെയ്തു കയറ്റുന്നതിനും കുളത്തിലേക്ക് വെള്ളം പന്പ് ചെയ്യുന്നതിനുമായി ഉപയോഗിക്കുന്നത്. നിലവിൽ പൊൻകുഴി പുഴയിൽ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. ഇത് കൂടാതെ വരും വരുംദിവസങ്ങളിൽ കാരാപ്പുഴയിൽ നിന്നും വെള്ളം എടുക്കാൻ ഉദ്ദേശിക്കുന്നതായി വയനാട് വന്യജീവി സങ്കേതം മേധാവി ഡോ. പി. ധനേഷ്കുമാർ പറഞ്ഞു.
കഴിഞ്ഞദിവസം കുറിച്യാട് റേഞ്ചിലെ ഗൂളിക്കല്ല, വാട്ടർഫാൾസ് സെക്ഷൻ, വണ്ടിക്കടവ് ഭാഗങ്ങളിലെ കുളങ്ങിലാണ് വെള്ളം നിറച്ചത്. ഒരു ദിവസം അഞ്ച് കുളങ്ങിൽ വെള്ളം നിറയ്ക്കും. വരും ദിവസങ്ങളിൽ മുത്തങ്ങ, സുൽത്താൻ ബത്തേരി റേഞ്ചുകളിലെ കുളങ്ങളിലും വെള്ളം നിറയ്ക്കും. എലിഫന്റ് സ്ക്വാഡ് റേഞ്ചർ പ്രമോദ്, ഡെപ്യൂട്ടി റേഞ്ചർ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളം നിറക്കുന്നത്.
കഴിഞ്ഞമാസം വയനാട് വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വനത്തിൽ കാട്ടുതീ നാശം വിതച്ചതിനാൽ ഈ ഭാഗങ്ങളിലുള്ള കുളങ്ങളാണ് ഏറെയും വറ്റിയത്. അതിനാൽ ഈ ഭാഗത്തെ കുളങ്ങളിലാണ് ആദ്യം വെള്ളമെത്തിക്കുന്നത്. കാട്ടുതീയിൽ വനത്തിലെ പച്ചപ്പ് കത്തിചാന്പലാവുകയും വെള്ളം വറ്റുകയും ചെയ്ത കർണാടക വനത്തിൽ നിന്നും തമിഴ്നാട്ടിലെ മുതുമല സങ്കേതത്തിൽ നിന്നും വന്യമൃഗങ്ങൾ കൂട്ടമായി ഇപ്പോഴും തീറ്റയും വെള്ളവും തേടി വയനാട് വന്യജീവി സങ്കേതത്തിലേക്ക് ചേക്കേറുകയാണ്.