വരാപ്പുഴ: അസാധുവാക്കിയ 500രൂപ,1000 രൂപ നോട്ടുകൾ സാന്പത്തിക വർഷത്തിന്റെ അവസാനദിനമായ മാർച്ച് 31നു മാറാമെന്ന അവസാന പ്രതീക്ഷയും പൊലിഞ്ഞതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ കടുത്ത ആശങ്കയിലും വിഷമത്തിലുമാണ് സത്തായി.
വൈദ്യുതി പോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ തനിച്ചു താമസിക്കുന്ന ചിറയ്ക്കകം ഭഗവതിപറന്പിൽ പരേതനായ ലക്ഷ്മണിന്റെ ഭാര്യ സതി എന്ന് വിളിക്കുന്ന സത്തായി രാജ്യത്ത് നോട്ടുകൾ നിരോധിച്ച വാർത്ത വളരെ വൈകിയാണ് അറിഞ്ഞത്. അയൽക്കാരുമായി യാതൊരു സമ്പർക്കവും ഇല്ലാതിരുന്ന സത്തായി സാധനങ്ങൾ വാങ്ങാനായി 1000 രൂപയുടെ നോട്ടുമായി ചെന്നപ്പോൾ കടയുടമയിൽനിന്നാണ് നോട്ടു നിരോധിച്ച വിവരം അറിയുന്നത്.
വരാപ്പുഴ മൃഗാശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തിരുന്ന സത്തായിക്ക് സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച നാലു ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കടയുടമയോട് ഇവർ പറയുകയായിരുന്നു. ജനുവരി 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വരാപ്പുഴ പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് വീട് പരിശോധിച്ചപ്പോൾ വീട്ടിൽനിന്ന് നാലു ലക്ഷം രൂപയുടെ റദ്ദായനോട്ടുകൾ കണ്ടെത്തി.
ആയിരത്തിന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളുമാണ് കണ്ടെടുത്തത്. അസാധു നോട്ടുകൾ പറവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ, ഇവ സൂക്ഷിച്ചതിനു കേസില്ലാത്തതിനാൽ വരാപ്പുഴ പോലീസ് നോട്ട് സൂക്ഷിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
സാന്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31ന് നോട്ടുകൾ മാറ്റിയെടുക്കാമെന്നുള്ള അവസാന പ്രതീക്ഷയിലായിരുന്നു സത്തായിയും പഞ്ചായത്തംഗങ്ങളും. അസാധു നോട്ടുകളുമായി മാർച്ച് 31ന് വരാപ്പുഴ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം സത്തായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെന്നൈ ശാഖയിൽ എത്തിയെങ്കിലും ആർബിഐ നിയമപ്രകാരമുള്ള മതിയായ രേഖകൾ സമയത്തു ഹാജരാക്കാത്തതിനാൽ നോട്ടു മാറികൊടുക്കാൻ സാധിക്കില്ലെന്ന് ആർബിഐ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
വരാപ്പുഴ പഞ്ചായത്തിന്റെയും വാർഡ് മെന്പറുടേയും പിടിപ്പുകേടു മൂലമാണ് സത്തായിക്ക് ആകെയുണ്ടായിരുന്ന സന്പാദ്യം നഷ്ടപ്പെടാൻ ഇടയായതെന്നും ജനുവരി 10ന് നോട്ടുകൾ കണ്ടെത്തിയിട്ടും പഞ്ചായത്ത് അധികൃതർ അവസാന ദിവസമായ മാർച്ച് 31നാണ് സത്തായിയേയും കൂട്ടി നോട്ട് മാറ്റിയെടുക്കാൻ റിസർവ് ബാങ്കിനെ സമീപിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
ഇനി നോട്ട് മാറ്റിയെടുക്കണമെങ്കിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത് ആവശ്യമാണെന്നാണ് ആർബിഐ ഉദ്യോഗസ്ഥർ പറയുന്നത്. ഇനി ഇത് സാധ്യമാകണമെങ്കിൽ എംപിയുടെയോ എംഎൽഎയുടെയും സഹായം വേണമെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവും മക്കളും വർഷങ്ങൾക്കു മുന്പേ മരിച്ചുപോയ സത്തായിക്ക് ആകെയുണ്ടായിരുന്ന സന്പാദ്യവും നഷ്ടമാകുമെന്ന് അവസ്ഥയാണ്.