കൊച്ചി: ജനിച്ച് രണ്ടാംനാൾ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയയയാകേണ്ടിവന്ന കുഞ്ഞിന് ആശുപത്രിയിൽ വച്ചുതന്നെ പേരിട്ടു. എറണാകുളം ലിസി ആശുപത്രിയിലാണ് ഈ അപൂർവ നാമകരണകർമം നടന്നത്. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം മരിയ എന്നാണ് പേരിട്ടത്. ജീവൻ രക്ഷിച്ച ഡോക്ടർമാർ തന്നെ കുട്ടിക്ക് പേരിടണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ചടങ്ങ് നടന്നത്. ദൈവാനുഗ്രഹത്താൽ ജീവൻ തിരികെ ലഭിച്ച കുട്ടിക്ക് ദൈവമാതാവിന്റെ പേരാണ് ഡോക്ടർമാർ നൽകിയത്.
പാലാ നരിയങ്ങാനം സ്വദേശികളായ സോണി-സിനി ദന്പതികളുടെ മൂന്നാമത്തെ കുട്ടി കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജനിച്ചത്. ജനിച്ച് രണ്ടാം ദിവസംതന്നെ കടുത്ത ശ്വാസതടസത്തെത്തുടർന്ന് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽനിന്നും ശുദ്ധീകരിക്കപ്പെട്ട രക്തം ഹൃദയത്തിലെത്തുന്നതിനു പകരം കരളിലേക്ക് പോകുന്ന അപൂർവ അസുഖമായിരുന്നു കുട്ടിക്ക് . ജീവൻ രക്ഷിക്കാൻ കേവലം അഞ്ചു ശതമാനം സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ലിസി ആശുപത്രിയിലെ ഡോ. സി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കോട്ടയത്തേക്കു പുറപ്പെടുകയും കുട്ടിയുമായി പുലർച്ചെ നാലിന് മടങ്ങി ലിസി ആശുപത്രിയിൽ എത്തുകയും ഉടൻതന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.
ആറു മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോ. തോമസ് മാത്യു, ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. അനു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പരിപൂർണ ആരോഗ്യത്തോടെയാണ് കുഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജോ ജോസഫ് തുടങ്ങിയവർ കുട്ടിയെ യാത്രയാക്കാൻ എത്തിയിരുന്നു.