ന്യൂഡൽഹി: വേഗമുള്ള നെറ്റ്വർക്ക് എയർടെലിനാണെന്നു പറഞ്ഞുള്ള പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിലയൻസ് ജിയോ ഇൻഫോകോം പരസ്യ റെഗുലേറ്ററായ അഡ്വർടൈസിംഗ് സ്റ്റാൻഡാർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയെ (എസിഎസ്ഐ) സമീപിച്ചു. ബ്രോഡ്ബാൻസ് സ്പീഡ് ടെസ്റ്ററായ ഊക്ലയുടെ റിപ്പോർട്ടനുസരിച്ച് ഇപ്പോൾ രാജ്യത്ത് വ്യാപകമായി പ്രചരിപ്പിക്കുന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ജിയോയുടെ വാദം. ഇതേത്തുടർന്ന് പരസ്യം പിൻവലിക്കാൻ ഭാരതി എയർടെലിനോട് എസിഎസ്ഐ ആവശ്യപ്പെട്ടു. ഈ മാസം 11നു മുന്പ് പരസ്യം പിൻവലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്നാണു നിർദേശം.
നേരത്തെ എയർടെലിന്റെ പക്കൽനിന്ന് പണം വാങ്ങിയാണ് ഊക്ല സ്പീഡ് ടെസ്റ്റ് നടത്തിയതെന്ന് ജിയോ ആരോപിച്ചിരുന്നു. പണം നല്കിയാൽ ഏറ്റവും വേഗമുള്ള നെറ്റ്വർക്ക് എന്ന റിപ്പോർട്ട് നല്കാമെന്നു പറഞ്ഞ് ഊക്ല തങ്ങളെയും സമീപിച്ചിരുന്നതായി ജിയോ പറയുന്നുണ്ട്.