ന്യൂഡൽഹി: ബിഎസ് നാല് ഗ്രേഡിലുള്ള ഇന്ധനം രാജ്യവ്യാപകമായി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴി 12 ടൗണുകളിൽ ഒരേ സമയത്തായിരുന്നു ഉദ്ഘാടനം. രാജ്യത്തെ 125 കോടിയിലധികം വരുന്ന ജനങ്ങൾക്ക് മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളുടെ പുതിയ യുഗം സൃഷ്ടിക്കുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 ഏപ്രിൽ ഒന്നിന് ബിസ് ആറ് ഗ്രേഡിലുള്ള ഇന്ധനം പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടങ്ങണമെന്ന് അദ്ദേഹം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടു.
ഇന്ധനങ്ങൾ അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ 1991 മുതലാണ് രാജ്യം ആരംഭിച്ചത്. ഇപ്പോൾ ബിഎസ് നാലിലേക്കു മാറാനായി വലിയ നിക്ഷേപങ്ങൾതന്നെ കമ്പനികൾ നടത്തിക്കഴിഞ്ഞു. 2010നു ശേഷം ഇതുവരെ എണ്ണക്കമ്പനികൾ 28,000 കോടി രൂപ ചെലവഴിച്ചു. 2010നു മുന്പ് 35,000 കോടി രൂപയും കൂടുതൽ ശുദ്ധീകരിച്ച ഇന്ധനങ്ങൾ പുറത്തിറക്കാൻ കമ്പനികൾ ചെലവഴിച്ചിരുന്നുവെന്ന് പെട്രോളിയം സെക്രട്ടറി കെ.ഡി. ത്രിപാഠി പറഞ്ഞു. 2020ൽ ബിഎസ് ആറ് ഗ്രേഡിലുള്ള ഇന്ധനം പുറത്തിറക്കാൻ കമ്പനികൾക്ക് ഇനി 28,000 കോടി രൂപകൂടി ചെലവഴിക്കേണ്ടിവരും. ഇതോടെ കൂടുതൽ ശുദ്ധമായ ഇന്ധനം ഇറക്കാൻ കമ്പനികൾ ചെലവാക്കുന്ന തുക 90,000 കോടി രൂപ വരുമെന്നും ത്രിപാഠി പറഞ്ഞു.
1996ൽ ഡീസലിലെ സൾഫർ കണ്ടെന്റ് 10,000 പിപിഎം ആയിരുന്നെങ്കിൽ ബിഎസ് നാല് ഗ്രേഡിൽ സൾഫർ കണ്ടെന്റ് 50 പിപിഎം ആണ്. 2020ൽ ബിഎസ് ആറിലേക്കെത്തുന്പോൾ സൾഫർ കണ്ടെന്റ് 10 പിപിഎം ആയി താഴും. ബിസ് അഞ്ചിൽ കാര്യമായ മലിനീകരണ നിയന്ത്രണമില്ലാത്തതിനാലാണ് നാലിൽനിന്ന് നേരിട്ട് ആറിലേക്ക് സർക്കാർ കടക്കുന്നത്.