ചലച്ചിത്ര താരങ്ങളുടെ വിവാഹം സാധാരണ ഒരുത്സവത്തിന്റെ പ്രതീതിയാണ് പങ്കെടുക്കുന്നവരില്‍ ജനിപ്പിക്കുക. അത്രയ്ക്കാര്‍ഭാടത്തോടെയായിരിക്കും താരവിവാഹങ്ങള്‍ നടക്കുക. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ രീതിയില്‍ ഒരു താര വിവാഹം ഈയടുത്ത ദിവസം നടന്നു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരുമാണ് എളിയരീതിയില്‍ വിവാഹിതരായത്. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. തുടര്‍ന്നുളള ചടങ്ങുകള്‍ മുഹമ്മയിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചും. നടന്മാരായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. മോഹന്‍ലാലും സണ്ണി വെയ്നും ഭരത്തും കഥാപാത്രങ്ങളായെത്തിയ ‘കൂതറ’ ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലെയ്സി’ല്‍ ഗൗതമി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂതറ, ചാപ്റ്റേഴ്സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും ഗൗതമിയുടേതായി പുറത്തെത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളെജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദധാരിയായ ശ്രീനാഥ് പിന്നീട് നോയ്ഡയിലെ ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെക്നോളജിയില്‍ നിന്നും പരിശീലനം നേടിയിരുന്നു. സംവിധായകന്‍ രഞ്ജിത്തിനെ നായകനാക്കി ജയരാജ് ഒരുക്കിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ശ്രീനാഥിന്റെ തുടക്കം. ഒരു ലൗ കം അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതാണെന്നാണ് ഗൗതമി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.