വെസ്റ്റ് വാന്‍കൂവര്‍: വനിതാ ലോക ഹോക്കി ലീഗ് റൗണ്ട് രണ്ട് മത്സരത്തില്‍ ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വെയെ 4-2ന് തോല്‍പ്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ നായിക റാണി, മോണിക്ക, ദീപിക, നവജോത് കൗര്‍ എന്നിവര്‍ പുലര്‍ത്തിയ കൃത്യതയാണ് ഇന്ത്യക്കു ജയമൊരുക്കിയത്. മുഴുവന്‍ സമയത്ത് ഇരുടീമും 2-2ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
മത്സരത്തില്‍ മിന്നുന്ന തുടക്കമാണ് ഇന്ത്യയിട്ടത്. ആറാം മിനിറ്റില്‍ നായിക റാണി ആദ്യ ഗോള്‍ നേടി. 45-ാം മിനിറ്റില്‍ ഉറുഗ്വെയുടെ ആദ്യ ഗോള്‍ മരിയ തെരേസ വിയന അച്ചെയില്നിന്നു വന്നു. എന്നാല്‍, 49-ാം മിനിറ്റില്‍ വേദാന്ത കടാരിയ മികച്ചൊരു ഫീല്‍ഡ് ഗോള്‍ ഇന്ത്യക്കു വീണ്ടും ലീഡ് നല്കി. പക്ഷേ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിരോധ പാളിച്ച 54-ാം മിനിറ്റില്‍ ഉറുഗ്വെയ്ക്കു പെനാല്‍റ്റി നല്കി.
ഈ അവസരം ഉറുഗ്വെയുടെ മാനുവല വിലാര്‍ ഉപയോഗിച്ചു സമനില നല്കി. അവസാന മിനിറ്റുകളില്‍ ഇന്ത്യന്‍ മുന്നേറ്റക്കാര്‍ എതിരാളികളുടെ സര്‍ക്കിളിനുള്ളില്‍ കടന്ന് ഭീഷണി ഉയര്‍ത്തിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത നടത്തിയ പ്രകടനമാണ് ഇന്ത്യക്കു 4-2ന്റെ ജയം നല്‍കിയത്.