കല്യാണവും മദ്യാപനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കല്യാണവീടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മദ്യം മാറിയിരിക്കുന്നു. എന്നാല്‍ ഒരു ബിവറേജസ് ഔട്ട്‌ലറ്റ് മൂലം വിവാഹം മുടങ്ങിയേക്കാവുന്ന അവസ്ഥ വന്നാലോ. അതും സംഭവിച്ചിരിക്കുന്നു കേരളത്തില്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലായിരുന്നു സംഭവം. മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ തിരക്കാണ് വിവാഹം മുടങ്ങലിന്റെ വക്കോളമെത്തിച്ചത്. മൂന്നര കിലോമീറ്ററോളം നീണ്ട ക്യൂവും ഇതുമൂലമുണ്ടായ തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു.
ബിവറേജസ് വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്തംഭനമുണ്ടായതോടെ വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. ഇതോടെ ആശങ്കയിലായി വരന്റെ ബന്ധുക്കള്‍. ഉടന്‍ തന്നെ അവര്‍ ജ്യോത്സ്യനെ സമീപിച്ച് പുതിയ മുഹൂര്‍ത്തം കുറിപ്പിച്ച് വിവാഹം നടത്തി.
ബിവറേജസ് കോര്‍പ്പറേഷന്റെ ചേര്‍ത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് മദ്യക്കടകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ആലപ്പുഴ നഗരത്തില്‍ വിദേശമദ്യശാലകള്‍ ഇല്ലാതായി. പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാത്രമാണു ബാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെയാണ് മുഹമ്മയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇന്നലെ രാവിലെ എട്ടരയോടെ ക്യൂ തുടങ്ങിയത്. ഇതിനിടെയാണ് വരന്റെ വാഹനം കുടുങ്ങിപ്പോയത്.