വരാപ്പുഴ: നോട്ടുനിരോധനം അറിയാത്ത വൃദ്ധയുടെ കൈയിൽ ആകെയുണ്ടായിരുന്ന സമ്പാദ്യത്തിനും വിലയില്ലാതായി. ലക്ഷങ്ങളുടെ അസാധുനോട്ടുകൾ കൊണ്ട് ഇനിയെന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് വരാപ്പുഴ സ്വദേശിനിയായ സത്തായി.വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സതി എന്ന് വിളിക്കുന്ന സത്തായി (75) യുടെ വീട്ടിലാണ് നാല് ലക്ഷത്തിലധികമുള്ള അസാധുനോട്ടുകൾ രണ്ടു മാസം മുൻപ് കണ്ടെത്തിയത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഇവരുടെ കൈവശം ലക്ഷക്കണക്കിന് അസാധുനോട്ടുകൾ ഉണ്ടെന്നു പ്രചരിച്ചതിനെത്തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വരാപ്പുഴ പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് സത്തായിയുടെ വീട് പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്നും നാലു ലക്ഷം രൂപയുടെ അസാധുനോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ അസാധു നോട്ടുകൾ പറവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ സ്ത്രീയ്ക്കെതിരെ കേസ് എടുക്കാത്തതുമൂലം നോട്ടുകൾ സൂക്ഷിക്കാനായി കോടതി വരാപ്പുഴ പോലീസിനെ ചുമതലപ്പെടുത്തി.
ജനുവരി 10 ന് ഇവരിൽ നിന്നും കണ്ടെടുത്ത അസാധുവായ നോട്ടുകൾ രണ്ടു മാസത്തോളം സ്റ്റേഷനിൽ സൂക്ഷിച്ച ശേഷം സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ മാർച്ച് 31നാണ് മാറ്റിയെടുക്കാൻ വരാപ്പുഴ പഞ്ചായത്തു അംഗങ്ങൾ സത്തായിക്കൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെന്നൈ ശാഖയിൽ എത്തിയത്. എന്നാൽ ആർബിഐ നിയമപ്രകാരമുള്ള മതിയായ രേഖകൾ സമയത്തു ഹാജരാക്കാത്തതിനാൽ നോട്ടു മാറികൊടുക്കുവാൻ സാധിക്കില്ലെന്ന് ആർബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിസംബർ 31 നു ശേഷം പ്രവാസികൾക്ക് മാത്രമേ നോട്ടു മാറി നൽകുകയുളളുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പഞ്ചായത്തു അംഗങ്ങൾ പറയുന്നു. 130 ആയിരത്തിന്റെ നോട്ടുകളും 540 അഞ്ഞൂറിന്റെ നോട്ടുകളുമാണ് സത്തായിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. അയൽക്കാരുമായി യാതൊരു സമ്പർക്കവും ഇല്ലാതിരുന്ന സത്തായി നോട്ടുമാറ്റത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. രണ്ടു മാസം മുൻപ് സാധനങ്ങൾ വാങ്ങാനായി ആയിരത്തിന്റെ നോട്ടുമായി കടയിലെത്തിയപ്പോൾ നോട്ടു സ്വീകരിക്കില്ലെന്ന് കടയുടമ പറഞ്ഞതോടെയാണ് നോട്ടുമാറ്റത്തെക്കുറിച്ചു സത്തായി അറിയുന്നത്.
വരാപ്പുഴ മൃഗാശുപത്രിയിൽ അറ്റന്ററായി ജോലി നോക്കിയിരുന്ന സത്തായി സർവീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച ലക്ഷക്കണക്കിന് രൂപ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കടയുടമയോട് ഇവർ പറയുകയായിരുന്നു. വൈദ്യുതി പോലും ഇല്ലാത്ത ഒറ്റമുറി വീട്ടിൽ താമസിക്കുന്ന സത്തായിയുടെ ഭർത്താവും മകളും വർഷങ്ങൾക്കു മുൻപ് മരിച്ചുപോയിരുന്നു.
വരാപ്പുഴ പഞ്ചായത്തിന്റെയും വാർഡ് അംഗത്തിന്റെയും നോട്ടുമാറ്റത്തെ സംബന്ധിച്ചുള്ള ഇടപെടൽ കാര്യക്ഷമമല്ലാത്തത് മൂലമാണ് തുക നഷ്ടപ്പെട്ടതെന്നും ജനുവരി 10ന് അസാധു നോട്ടുകൾ കണ്ടെത്തിയിട്ടും പഞ്ചായത്ത് അധികൃതർ അവസാന ദിവസമായ മാർച്ച് 31 നാണ് ഈ സ്ത്രീയെയും കൂട്ടി നോട്ട് മാറ്റിയെടുക്കാൻ റിസർവ് ബാങ്കിനെ സമീപിച്ചതെന്നും നാട്ടുകാർ പറഞ്ഞു. ഇപ്പോൾ ഈ അസാധു നോട്ടുകൾ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. അസാധുവായി നോട്ടുകൾ എന്ത് ചെയ്യണമെന്നറിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ പാവം വയോധിക.