മുളങ്കുന്നത്തുകാവ്: ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഗുണ നിലവാരം ഇല്ലെന്ന ആരോപണം ശക്തമാകുന്നു. പല ഗുളികളും ഉപയോഗിക്കും മുന്പ് പൊടിഞ്ഞ് പോകുന്നവെന്നാണ് രോഗികൾ പറയുന്നത്.
ഇൻജക്ഷൻ മരുന്നുകളും കേടു വരുന്നതായി പറയുന്നു. കടുത്ത ചൂടാണ് മരുന്നുകൾ ഉപയോഗശൂന്യമാവാൻ കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എഴുപത്തിയഞ്ച് ശതാമാനം മരുന്നുകളും എയർ കണ്ടിഷൻ സൗകര്യമുള്ള മുറികളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ ആശുപത്രി ഫാർമസിയിൽ ഇതിന് സൗകര്യമില്ല.
കഴിഞ്ഞ വേനൽകാലത്ത് ഫാർമസിയിൽ എസി സഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ വളരെ വിലകൂടിയ മരുന്നുകൾ താപനിലയിലുള്ള വ്യതിയാനം മൂലം ഉപയോഗശൂന്യമായി പോകുകയാണ്. ശരീരത്തിൽ കയറ്റുന്ന മരുന്നുകൾക്ക് ഗുണ നിലവാരം ഇല്ലാത്തത് മൂലം മറ്റു പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ആശുപത്രിയിലില്ല.
നവജാത ശിശുക്കൾക്കും കുട്ടികൾക്കും നൽകുന്ന മരുന്നുകളിൽ ഭൂരിപക്ഷവും എസി ഇല്ലാത്ത ഫാർമസിയിൽ ആണ് സൂക്ഷിക്കുന്നത്. മുൻവർഷത്തേക്കാൾ ചൂടു കൂടുതലുള്ള ഈ വർഷം മരുന്നുകൾ മാത്രമല്ല ഇവിടെ ജോലിചെയ്യുന്ന ജിവനക്കാരും ദുരിതത്തിലാണ്.