കോട്ടൂർസുനിൽ
കാട്ടാക്കട: കൊടും കാട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാനും കാട്ട് മ്യഗങ്ങളെ കാണാനും അസുലഭ അവസരം ഒരുക്കി വനം വകുപ്പ് സഞ്ചാരികളെ വിളിക്കുന്നു. ഇനി ജില്ലയിലെ രണ്ട ു വന്യജീവി സങ്കേതങ്ങളിലും സാഹസിക വനവിനോദത്തിന്റെ കൊടി ഉയരുന്നു. നെയ്യാറിലും പേപ്പാറയിലുമാണ് പദ്ധതി വരുന്നത്. വനമധ്യത്തിൽ മരത്തിനുമുകളിൽ നിർമിച്ച ഏറുമാടത്തിൽ രാത്രി താമസം.പകൽ നെയ്യാറിലും കരമനയാറിലും ചങ്ങാടത്തിൽ യാത്ര. കാടും പുഴയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും മറക്കാനാവാത്ത അനുഭവമാണ് വനംവകുപ്പ് ഒരുക്കുന്നത്.
ഏറുമാടത്തിൽ നാലുപേർക്ക് താമസിക്കാംകാടിനുള്ളിലെ ഏറുമാടത്തിൽ താമസിച്ചു തൊട്ടടുത്ത വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കാവുന്ന തരത്തിലാണ് ഏറുമാടത്തിന്റെ പൂർത്തീകരണം. ഇതു സന്ദർശകർക്കു വേറിട്ട അനുഭവം നൽകുമെന്ന് അധിക്യതർപറയുന്നു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന കാഴ്ചയും കാടിനുള്ളിലെ ശബ്ദങ്ങളും അനുഭവിച്ചറിയാവുന്ന തരത്തിലുള്ള പാക്കേജ് കൂടിയാണിത്. ഇതിനു പുറമെ പേപ്പാറ വനംവന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ ഗുഹാവാസം, ട്രക്കിംഗ്, വെള്ളച്ചാട്ട സന്ദർശനം, എന്നിവയും സഞ്ചാരികൾക്കായി തയാറാക്കിയിരിക്കുന്നു.സുരക്ഷിതമായ സ്ഥലത്താണ് ഫാമിലി ഹട്ട് ഒരുക്കിയിട്ടുള്ളത്. മുളകൾ കൊണ്ട ് കെട്ടിയുണ്ടാക്കിയ ചങ്ങാടം തുഴഞ്ഞു രസിക്കാവുന്ന തരത്തിൽ അപകടരഹിതമാക്കിയിട്ടുണ്ട്.
ഉൾവനത്തിന്റെ നിബിഡ സൗന്ദര്യം അടുത്തുകാണുന്നതിനായി . നാടുകാണിപ്പാറയിലേക്ക് ട്രക്കിംഗ് നടത്താനും സൗകര്യമുണ്ട ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് പുതിയ പാക്കേജ് ഒരുക്കുന്നത്. നെയ്യാറിലെ മീൻമുട്ടി, കൈതോട്, കൊന്പൈക്കാണി, വരയാട്ടുമൊട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് താമസവും ട്രക്കിംഗും നടക്കുന്നത്. നെയ്യാറിന്റെ ആയിരംകാലിൽ ആനമാടവും റെഡി. പേപ്പാറയിലും ബോണക്കാട് റൂട്ടിൽ വഴുക്കൻപാറയ്ക്കു സമീപമുള്ള ഭാഗങ്ങളിലും വനം ടൂറിസം പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
ബോണാഫാൽസിനുടുത്തും പേപ്പാറ സംഭരണിക്ക് അടുത്തും ആനകൾ കൂട്ടമായി എത്തുന്നത് പതിവാണ്. മാത്രമല്ല കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇതിനടുത്തുള്ള പാണ്ടിപത്ത്. കരിംകുരങ്ങ്, സിംഹവാലൻകുരങ്ങ്, വരയാട് തുടങ്ങി വംശനാശഭീഷണി നേരിടുന്ന റെഡ് ഡാറ്റാ ബുക്കിൽ സ്ഥാനം പിടിച്ച വന്യജീവികളും എത്തുന്ന മേഖലയാണിവിടം. ഡാമിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് ഇലക്ട്രിക് ബോട്ടിംഗ് സർവീസ് വൈകാതെ തുടങ്ങും. പെഡൽ ബോട്ടിങ്ങും പരിഗണനയിലാണ്.ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ നടന്നുവരുന്ന എല്ലാ പദ്ധതികളും. പരിശീലനം സിദ്ധിച്ച ഗൈഡുകളും ഇവിടെയുണ്ട്.
പ്രകൃതിസ്നേഹികൾ വനംവന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടാൽ ഇരുനില ഏറുമാടത്തിൽ രാവുറങ്ങി ട്രക്കിങ്ങും കാട്ടുവിഭവങ്ങളും കഴിച്ചു മടങ്ങാം. നാലുപേരടങ്ങുന്ന സംഘത്തിന് 3000 രൂപ നൽകി വനവിനോദത്തിനെത്താം. ചങ്ങാടത്തിലെ യാത്രക്ക് 400 രൂപ അധികമടക്കണം. സന്ദർശകർ മുൻകൂട്ടി ഫാമിലി ഹട്ട് ബുക്ക് ചെയ്യണം. അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലും ഇത്തരം പദ്ധതി നടപ്പിലാക്കും. കതിരുമുടി, പൊടിയം, കാപ്പുകാട് എന്നിവിടങ്ങളിലാണ് പദ്ധതി വരിക.