നെടുങ്കണ്ടം: മലനാട്ടിലും ഇപ്പോൾ തണ്ണിമത്തനാണ് താരം. ഒട്ടുമിക്ക വഴിയോരങ്ങളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തണ്ണിമത്തൻ കീഴടക്കിയിരിക്കുകയാണ്. ദാഹമകറ്റുക മാത്രമല്ല് തണ്ണിമത്തൻ നൽകുന്ന സേവനം. വേനൽചൂട് മൂലം ശരീരത്തിലുണ്ടാകുന്ന നിർജലീകരണത്തിന് പരിഹാരമാണ് തണ്ണിമത്തൻ. പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിവിധ ഇനങ്ങളിലുള്ള തണ്ണിമത്തനുകൾ സുലഭമായി ലഭിച്ചുതുടങ്ങി.
നിരവധി രോഗങ്ങൾക്ക് ഒൗഷധം കൂടിയാണ് തണ്ണിമത്തൻ എന്നും അവകാശപ്പെടുന്നുണ്ട്. ഹൃദ്രോഗങ്ങൾ തടയൽ, രോഗപ്രതിരോധശേഷി വർധിപ്പിക്കൽ, കാൻസർ തടയൽ, തടി കുറയ്ക്കൽ, കിഡ്നി സംരക്ഷണം, കണ്ണിന്റെ ആരോഗ്യം, ബുദ്ധി വർധിപ്പിക്കൽ തുടങ്ങിയവയ്ക്കുള്ള ഒൗഷധഖനിയാണിതെന്നും അവകാശവാദമുണ്ട്.
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രിലിന് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുവാൻ കഴിയും. രക്തസമ്മർദം കുറയ്ക്കാനും രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുവാനും കഴിയും. ഇവയിലുള്ള വൈറ്റമിൻ ബി, സി എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. തണ്ണിമത്തനിലെ ഫ്ളവനോയിഡ്സിന് കാൻസറിനെ തടയാൻ കഴിയുമെന്നും പറയുന്നു.
18 ശതമാനം നാരും 82 ശതമാനം വെള്ളവും അടങ്ങിയിരിക്കുന്ന പഴവർഗമായതിനാൽ തടി കുറയ്ക്കുവാനും കഴിയും. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശം നീക്കംചെയ്യുവാനും ഇതിന് കഴിവുണ്ട്. വൈറ്റമിൻ എയും ബിയും അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച വർധിപ്പിക്കുവാനും ബുദ്ധി കൂട്ടുവാനും തണ്ണിമത്തന് കഴിയും. വെള്ളരി ഇനത്തിൽപെട്ട വിളയായ തണ്ണിമത്തന്റെ ശാസ്ത്രീയനാമം സിട്രുലസ് ലനേറ്റ്സ് എന്നാണ്.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശത്ത് ജ·ംകൊണ്ട തണ്ണിമത്തൻ ഇപ്പോൾ ഇന്ത്യയിലും സുലഭമാണ്. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ കൃഷി വ്യാപകമാണെങ്കിലും മധ്യകേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നുമാണ് തണ്ണിമത്തൻ എത്തുന്നത്. തമിഴ്നാട്ടിലെ മധുര, തേനി ജില്ലകളിൽ നിന്നുമാണ് തണ്ണിമത്തൻ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.ഇവിടെ ഈ കൃഷിയുടെ വിളവെടുപ്പ് സീസണ് കൂടിയാണ് ഇപ്പോൾ.