ഒരു മിനിറ്റിനുകൊണ്ട് എത്ര ബർഗർ കഴിക്കാൻ സാധിക്കും? ഒരെണ്ണം പോലും കഴിച്ചുതീർക്കാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും. എന്നാൽ, റിക്കാർഡോ ഫ്രാൻസിസ്കോ എന്ന 24കാരൻ ഒരു മിനിറ്റുകൊണ്ട് കഴിച്ചത് ആറ് ബർഗറുകളാണ്. ഈ ആറു ബർഗറുകൾ ഫ്രാൻസിസ്കോയ്ക്ക് നേടിക്കൊടുത്തതോ ഗിന്നസ് റിക്കാർഡും.
ഗിന്നസ് ലോകറിക്കാർഡുകൾ യൂട്യൂബിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫ്രാൻസിസ്കോ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ ലോകം കാണുന്നത്. വീഡിയോ യൂട്യൂബിൽ വന്ന് 24 മണിക്കൂറിനകം അതു കണ്ടത് 56,000ത്തിലധികം പേരാണ്. ഫിലിപ്പീൻസിലെ പാസേ നഗരത്തിലാണ് ബർഗർ തീറ്റ മത്സരം നടത്തിയത്. ഗിന്നസ് പട്ടികയിലെതന്നെ പത്തു മികച്ച തീറ്റക്കാരായിരുന്നു മത്സരാർഥികൾ.
വളരെ ലളിതവും രസകരവുമായ നിബന്ധനകളാണ് സംഘാടകർ ഏർപ്പെടുത്തിയിരുന്നത്. മത്സരാർഥികൾ ഒരു സമയം ഒരു ബർഗർ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഒരു കൈയിൽ ബർഗറും മറ്റേ കൈയിൽ ഒരു ഗ്ലാസ് വെള്ളവും പിടിക്കാം. ചായ, കാപ്പി മുതലായവയ്ക്ക് മത്സരത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. ബർഗറിന്റെ രുചി കൂട്ടാനായി ഏതെങ്കിലും ഒരു മസാല മാത്രമേ മത്സരാർഥി ഉപയോഗിക്കാൻ പാടുള്ളൂ.
23 സെക്കൻഡിൽ 12 ഇഞ്ച് നീളമുള്ള പീസ കഴിച്ച് റിക്കാർഡിനുടമയായ കെൽവിൻ മെഡിനയെ പിന്തള്ളിക്കൊണ്ടാണ് ഫ്രാൻസിസ്കോ ഗിന്നസ് റിക്കാർഡ് നേടിയത്. ഒരു മിനിറ്റിൽ നാലു ബർഗർ കഴിച്ച പീറ്റർ സെർവിൻസ്കിയുടെ റിക്കാർഡും ഫ്രാൻസിസ്കോ തകർത്തു.
വീഡിയോ കാണാം: