നടി വിനയ സിനിമ സംവിധാനം ചെയ്യുന്നു. ലക്ഷ്മി നാരായണാര പ്രപാഞ്ചനേ ബേരേ എന്ന് പേരിട്ടിരിക്കുന്ന കന്നട ചിത്രമാണ് നടി സംവിധാനം ചെയ്യുന്നത്. കന്നഡക്കാരിയാണെങ്കിലും മലയാളത്തിൽ വിനയ ഒരുപാട് സിനിമയിൽ അഭിനയിച്ചുകഴിഞ്ഞു.
മണിച്ചിത്രത്താഴിലെ ശ്രീദേവിയെ ആരും മറക്കാൻ സാധ്യതയില്ല. അഭിനയത്തിന് പുറമെ മറ്റൊരു ചുവടുവയ്പ്പുമായി മുന്നോട്ട് എത്തുകയാണ് നടിയിപ്പോൾ. ഏപ്രിൽ 20 ന് ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രത്തിന് വിനയയുടെ ഭർത്താവ് ജ്യോതി പ്രകാശാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഈ സിനിമ തനിക്കൊരു ചലഞ്ചാണെന്നാണ് നടി പറയുന്നത്. മാത്രമല്ല തനിക്ക് പൂർണ പിന്തുണയുമായി ഭർത്താവും നല്ലൊരു ടെക്നിക്കൽ ടീമും കൂടെയുണ്ടെന്നും നടി പറയുന്നു.
സംവിധാനത്തിലെ അരങ്ങേറ്റ ചിത്രമായതിനാൽ ബജറ്റ് കുറഞ്ഞൊരു കോമഡി സിനിമയാണ് തയാറാക്കുന്നതെന്നാണ് നടി പറയുന്നത്. മാത്രമല്ല ചിരിയുടെ മാലപ്പടക്കം തീർക്കാൻ സിനിമയ്ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് താരം.
സിനിമയിൽ ആക്ഷൻ രംഗങ്ങളൊന്നുമില്ലെന്നും നല്ലൊരു സോഷ്യൽ മെസേജ് സിനിമ നൽകുമെന്നും വിനയ പറയുന്നു.