ഫെയർഫീൽഡ് (കണക്റ്റികട്ട്): പാൻ കേക്ക് തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഇരുപതുകാരിയായ കോളജ് വിദ്യാർഥിനി മരിച്ചു. ഏപ്രിൽ ഒന്നിനാണ് സംഭവം. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത ഫെയർഫീൽഡ് റോമൻ കാത്തലിക് സ്കൂൾ വിദ്യാർഥിനി കെയ്റ്റ്ലിൻ നെൽസണിനാണ് ദാരുണമായ അന്ത്യം ഉണ്ടായത്.
അഞ്ചു പാൻകേക്ക് കഴിച്ചു കഴിഞ്ഞ ഉടൻ പെട്ടെന്ന് വിദ്യാർഥിനി തറയിൽ വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾ തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണ പദാർഥങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പാരാമെഡിക്കൽസ് ടീം സിപിആർ നൽകി വിദ്യാർഥിനിയെ ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെപ്റ്റംബർ 11 ന് മാൻഹാട്ടനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്ന പിതാവിന്റെ അവയവദാനത്തിൽ അഭിമാനം കൊണ്ടിരുന്ന കെയ്റ്റിലിൻ തന്റെ അവയവങ്ങളും ദാനം ചെയ്യുമെന്ന് ആവർത്തിച്ചു പറയാറുണ്ടായിരുന്നു. ഇവരുടെ താത്പര്യത്തെ മാനിച്ചു അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ