വാഷിംഗ്ടൺ: പാക്കിസ്ഥാനുമായുള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാമെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മൂന്നാമതൊരാളുടെ ഇടനില വേണ്ടെന്നും ഇന്ത്യ അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കും. എന്നാൽ ഭീകരവാദ പ്രവർത്തനവും അക്രമവും അവസാനിക്കുന്പോൾ മാത്രമേ ചർച്ചകൾ സാധ്യമാവൂ. ഇതാണ് സർക്കാർ നിലപാട്. ഇതിന് മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാക്കിസ്ഥാനിൽനിന്നും ഉത്ഭവിക്കുന്ന ഭീകരവാദത്തിനെതിരെ, നിയന്ത്രണങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിൽ രാജ്യാന്തരസമൂഹം ശ്രദ്ധചെലുത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ച് മേഖലയിൽ സമാധാനം കൊണ്ടുവരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് രംഗത്തിറങ്ങിയേക്കുമെന്ന ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസ് പ്രതിനിധി നിക്കി ഹാലെയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.