ഷൊർണൂർ: കാലപ്പഴക്കം വന്ന റെയിൽപാളങ്ങൾ അപകടഭീഷണി ഉയർത്തുന്നു. ദിനംപ്രതി നാല്പതു ട്രെയിനുകൾ പൂർണഭാരത്തിൽ ഓടുന്ന റെയിൽപാളത്തിന്റെ ശരാശരി ആയുസ് ഇരുപതുവർഷമാണ്. എന്നാൽ, 35 വർഷംവരെ പിന്നിട്ട റെയിൽപാളങ്ങളാണ് കേരളത്തിൽ ബഹുഭൂരിപക്ഷവുമുള്ളതെന്നതാണ് യാഥാർഥ്യം. ട്രെയിനുകളുടെ എണ്ണം കൂടുതലുള്ള എറണാകുളം- ഷൊർണൂർ ഭാഗത്താണ് പാളങ്ങളുടെ കേടുപാടുകൾ ശക്തമായിട്ടുള്ളത്.
പാളങ്ങളുടെ ആയുസ് പരമാവധി 25 വർഷംവരെ കണക്കാക്കുകയാണെങ്കിൽ തന്നെ പാളത്തിന്റെ ഒരു പ്രത്യേക ഭാഗത്തുകൂടി 400 ഗ്രോസ് മെട്രിക് ടണ് ഭാരം കടന്നുപോകുന്പോൾ പാളങ്ങൾ മാറ്റണമെന്നതാണ് രീതി. ട്രെയിനുകളിലെ കക്കൂസ് മാലിന്യങ്ങൾ പാളങ്ങളിൽ വീഴുന്നതും ഉപ്പിന്റെ അംശം പടരുന്നതുമെല്ലാം പാളങ്ങളുടെ ആയുസ് കുറയാൻ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാലപ്പഴക്കംചെന്ന പാളങ്ങൾ മാറ്റാനാവശ്യമായ സംവിധാനംപോലും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് അപകടഭീഷണി ഉയർത്തുന്നു.
വർഷംമുഴുവൻ നടത്തേണ്ട പാളംമാറ്റൽ അറ്റകുറ്റപ്പണികളിൽ ഉണ്ടാകുന്ന വീഴ്ചകളാണ് എറണാകുളം-ഷൊർണൂർ പാതയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കു കാരണം. പാലക്കാട് റെയിൽവേ ഡിവിഷനിൽ മാത്രം ചെറുതും വലുതുമായ 14 പാലങ്ങളുടെ നവീകരണമാണ് നടന്നുവരുന്നത്. പാലങ്ങളുടെയും പാളങ്ങളുടെയും കാര്യത്തിൽ വലിയ പ്രതീക്ഷകളാണ് കാലങ്ങളായി കേരളം വച്ചുപുലർത്തുന്നതെങ്കിലും ഓരോ ബജറ്റ് കഴിയുന്പോഴും ഒന്നും ലഭിക്കാറില്ലെന്നു മാത്രം.
പൊട്ടലും വിള്ളലുകളും പാളങ്ങളിൽ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കറുകുറ്റി അപകടത്തിനുശേഷം എറണാകുളത്തിനും ഷൊർണൂരിനും ഇടയിൽ പാളം നവീകരിക്കുന്ന ജോലികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിലേക്കൊന്നും ഇതു ബാധകമാകുന്നില്ല. ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവുമധികം സാന്പത്തികലാഭം നല്കുന്നതിൽ കേരളം വഹിക്കുന്ന പങ്ക് നിസാരമല്ല. പ്ലാറ്റ്ഫോമുകളിൽ കയറുന്നതിനുവരെ ടിക്കറ്റെടുക്കുന്ന സ്വഭാവത്തിന് ഉടമകളാണ് കേരളക്കാർ.
എന്നാൽ കാലങ്ങളായുള്ള അവഗണന ഇപ്പോഴും അതേ മാതൃകയിൽ തുടരുന്ന സമീപനമാണ് റെയിൽവേ വകുപ്പ് നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനംപോലും കേരളത്തിനു റെയിൽവേ നിഷേധിക്കുന്പോൾ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം വാരിക്കോരിയാണ് റെയിൽവേ നല്കുന്നത്.