ബാബു ചെറിയാൻ
കോഴിക്കോട്: സംസ്ഥാനത്തെ വനിതകൾക്ക് നിയമ പരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനും പരാതികൾ അന്വേഷിച്ച് പരിഹാരം കാണുന്നതിനുമായി 1996ൽ സ്ഥാപിതമായ സംസ്ഥാന വനിതാ കമ്മീഷനു നിലവിൽ അധ്യക്ഷയില്ല. അഞ്ചു വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി വനിതാ കമ്മീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടിയും, അംഗം നൂർബിന റഷീദും ഏപ്രിൽ മൂന്നിനു പടിയിറങ്ങിയതോടെ കമ്മീഷനു താത്കാലികമായി നാഥയില്ലാതായി.
ബാക്കിയുള്ള അംഗങ്ങളായ ഡോ. ലിസി ജോസ്, ഡോ.ജെ. പ്രമീളാ ദേവി, ഷിജി ശിവജി എന്നിവർ കാലാവധി പൂർത്തിയാവാത്തതിനാൽ ഇതുവരെ സ്ഥാനമൊഴിഞ്ഞിട്ടില്ല. ഡോ. പ്രമീള ദേവി, ഷിജി ശിവജി എന്നിവർക്ക് ജൂലൈയിലും ഡോ.ലിസി ജോസിന് സെപ്റ്റംബറിലുമാണ് അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാവുക. ഗസറ്റഡ് വിജ്ഞാപനത്തിലൂടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിയമനം.
അതിനാൽ കെ.സി. റോസക്കുട്ടിക്ക് നിയമപരമായി ചുമതല കൈമാറാനോ മറ്റംഗങ്ങൾക്ക് അത് ഏറ്റെടുക്കാനോ കഴിയില്ല. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനു ശേഷം കാബിനറ്റ് ചേർന്ന് വേണം പുതിയ അധ്യക്ഷയേയും അംഗങ്ങളെയും നിയമിക്കാൻ. അതുവരെ കമ്മീഷന്റെ പ്രവർത്തനം നിഷ്ക്രിയമായേക്കും. അധ്യക്ഷ ചുമതല ഒഴിഞ്ഞതിനാൽ ഈ മാസം ചേരേണ്ട അദാലത്തുകളെക്കുറിച്ചോ യോഗങ്ങളെക്കുറിച്ചോ സെമിനാറുകളെക്കുറിച്ചോ തീരുമാനം ആയിട്ടില്ല.
അധ്യക്ഷയെയോ, അംഗങ്ങളെയോ ഏതു സമയവും ഒഴിവാക്കാൻ സർക്കാരിന് അധികാരമുള്ളതായി ബന്ധപ്പെട്ട ആക്ടിൽ പറയുന്നുണ്ടെങ്കിലും നിലവിലെ അംഗങ്ങൾ സ്വയം പിരിഞ്ഞതിനു ശേഷമേ പുതിയ സംവിധാനം നിലവിൽവരൂ എന്നാണു സൂചന.അതിന് അടുത്ത സെപ്റ്റംബർവരെ കാത്തിരിക്കേണ്ടിവരും. സംസ്ഥാന ഭരണം തുടർച്ചയായതിനാൽ മുൻ സർക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങൾ കാലാവധി പൂർത്തിയാകും വരെ തുടരട്ടെയെന്ന നിലപാടാണ് ഈ സർക്കാർ ഇതുവരെസ്വീകരിച്ചു പോന്നത്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈൻ, മലപ്പുറത്തെ മുതിർന്ന സിപിഎം നേതാവ് പി.കെ. സൈനബ, 2016ൽ കെപിസിസി അംഗത്വം ഒഴിഞ്ഞ് സിപിഎമ്മിൽ ചേർന്ന ഷാഹിദ കമാൽ എന്നിവരിലൊരാളെ വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. പി.കെ. സൈനബ മുമ്പു രണ്ട് തവണ വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ദേശീയ വനിത കമ്മീഷന്റെ മോഡലിൽ കേരളത്തിൽ വനിതാ കമ്മീഷൻ രൂപീകരിക്കുന്നതിന് 1990 ലാണ് തുടക്കമിട്ടത്.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 1990ൽ വനിതാ കമ്മീഷൻ ബിൽ നിയമസഭ അംഗീകരിച്ച് അയച്ചെങ്കിലും അഞ്ചു വർഷക്കാലം അനുമതി ലഭിച്ചില്ല. 1990 സെപ്റ്റംബർ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും, 1996 മാർച്ച് 14ന് കേരള വനിതാ കമ്മീഷൻ നിലവിൽവരികയും ചെയ്തു. വനിതാ കമ്മീഷനിൽ കവയിത്രി സുഗതകുമാരിയായിരുന്നു ആദ്യത്തെ അധ്യക്ഷ. പിന്നീട് ജസ്റ്റീസ് ശ്രീദേവി രണ്ടു തവണയും മുൻ മന്തി എം. കമലം ഒരു തവണയും അധ്യക്ഷസ്ഥാനം വഹിച്ചു.