ടിക്കി ദലായ് എന്ന ആറുവയസുകാരിയാണ് ഇപ്പോള്‍ സംസാരവിഷയം. കൂട്ടുകാരിയെ മുതലയുടെ വായില്‍നിന്ന് രക്ഷിച്ച ഈ മിടുക്കിയുടെ പ്രവര്‍ത്തിയെ പ്രശംസിക്കുന്ന തിരക്കിലാണ് ഏവരും. കഴിഞ്ഞദിവസം ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ വിദൂരഗ്രാമമായ ബങ്കുവാലയിലെ തടാകത്തില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. കൈയിലും തുടയിലും പരിക്കേറ്റ ബസന്തി ചികിത്സയിലാണ്.
ഇരുവരും കുളിക്കുന്നതിനിടെ ഒരു മുതല ഇഴഞ്ഞെത്തി ബസന്തിയെ ആക്രമിക്കുകയായിരുന്നു. ബസന്തിയുടെ നിലവിളി കേട്ട ടിക്കി മുളവടിയെടുത്ത് മുതലയുെട തലക്കടിച്ചു. ഇരയെ പിടിച്ച മുതല ആ കുഞ്ഞുപ്രഹരത്തില്‍ ‘പകച്ചുപോയി. ബസന്തിയെ വിട്ട മുതല ഉടന്‍ സ്ഥലം കാലിയാക്കി. പിന്നീട് നാട്ടുകാരെത്തി ബസന്തിയെ ആശുപത്രിയിലാക്കി.പൈട്ടന്നായിരുന്നു ആക്രമണമെന്നതിനാല്‍ പ്രതികരിക്കാന്‍ സമയം കുറവായിരുന്നെന്ന് ടിക്കി പറയുന്നു.
ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന വടി കൂട്ടുകാരിയെ രക്ഷപ്പെടുത്തിയെന്നും ടിക്കി പറഞ്ഞു. ഈ ധീരതയെ നാട് മുഴുവന്‍ വാഴ്ത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ് കുമാര്‍ദാസ് പറഞ്ഞു. ബസന്തിയുടെ ചികിത്സാ ചെലവ് സംസ്ഥാന വനംവകുപ്പ് വഹിക്കുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ബിമല്‍ പ്രസന്ന ആചാര്യ അറിയിച്ചു. ചട്ടപ്രകാരമുള്ള നഷ്ടപരിഹാരവും നല്‍കും. ടിക്കിക്ക് നാടുനീളെ സ്വീകരണങ്ങള്‍ നല്കുന്നതിനുള്ള തിരക്കിലാണ് യുവജന സംഘടനകള്‍.