കോഴിക്കോട്: ലോറിസമരം നാളെമുതല്‍ ശക്തിയാര്‍ജിക്കുന്നതോടെ മലയാളികളുടെ വിഷു ആഘോഷത്തിന് നിറംമങ്ങും. ഒരാഴ്ചയായി തുടരുന്ന ലോറിസമരവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതിനെതുടര്‍ന്ന് സമരം രാജ്യവ്യാപകമാക്കുമെന്ന് ഓള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യന്‍ ഘടകമായ സതേണ്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരേണ്ട അരി, പച്ചക്കറി, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയൊന്നും ഇപ്പോള്‍ എത്തുന്നില്ല. വിഷു ഉള്‍പ്പെടെയുളള ആഘോഷവേളകള്‍ അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ലോറി സമരം സംസ്ഥാനത്ത് വലിയ വിലക്കയറ്റം സൃഷ്ടിക്കുമെന്ന ആശങ്കയാണുള്ളത്.
അതേസമയം സമരം ഒരാഴ്ച പിന്നിട്ടിട്ടും തുടര്‍ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹംസ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഉത്സവസീസണ്‍ സമരം കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് മലയാളികൾ.
സംസ്ഥാനത്ത് 1.10 ലക്ഷം ഹെവി ലോറികളും 2.60 ലക്ഷം ചെറിയ ലോറികളുമാണുള്ളത്. ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന എല്ഒഡബ്ല്യുഎഫില് അംഗങ്ങളായിരിക്കുന്നത് 70,000 ലോറികളാണ്.രാജ്യവ്യാപകമായ സമരപ്രഖ്യാപനം വന്നതോടെ ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ ബുക്കിംഗുകള്‍ നിര്‍ത്തിവച്ചു. സംസ്ഥാനത്ത് പലയിടത്തും സമരക്കാര്‍ സര്‍വീസ് നടതത്തുന്ന ചരക്ക് വാഹനങ്ങള്‍ തടയുകയാണ്. സമരം ശക്തിപ്പെട്ടതോടെ നിത്യോപയോഗ സാധനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞതായി വ്യാപാരികളും പറയുന്നു.
വിഷുവും ഈസ്റ്ററും അടുത്തെത്തിയതോടെ പച്ചക്കറികള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് പുറപ്പെടേണ്ട സമയമാണിത്. മലപ്പുറത്തുനിന്നും എത്തുന്ന പച്ചക്കറികള്‍ ആണ് ഏക ആശ്വാസം. അതോടൊപ്പം ഗ്രാമപ്രദേശങ്ങളിലെ കൃഷിയും പച്ചക്കറി വിലക്കയറ്റത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് അരി, വെളുത്തുള്ളി, മുളക്, മല്ലി, കിഴങ്ങ്, മഞ്ഞള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുമായി എത്തുന്ന ലോറികളുടെ വരവ് നിലച്ചു. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ കൊണ്ടുവരുന്നത്.ഇവയ്ക്കെല്ലാം കിലോക്ക് അഞ്ചു രൂപവരെ മൊത്തവിലയില്‍ വര്‍ധനവു വന്നതായി വ്യാപാരികള്‍ പറയുന്നു.
പുതുതായി അരി വന്നിട്ടില്ല. നേരത്തെ സ്റ്റോക്ക് ചെയ്ത അരി മാത്രമാണ് വലിയങ്ങാടിയില്‍ വ്യാപാരികളുടെ കൈവശം ഉള്ളത്.അരി വിലയും വര്‍ധിച്ചിട്ടുണ്ട്. മുന്തിയ ഇനം കുറുവ അരിക്ക് 44 രൂപ വരെയാണ് കഴിഞ്ഞ ദിവസത്തെ മൊത്ത വില. അതു നാട്ടിന്‍പുറങ്ങളില്‍ എത്തുമ്പോള്‍ 48 വരെയായി ഉയരും.വലിയങ്ങാടിയില്‍ ദിനംപ്രതി ശരാശരി 300 ലോഡ് ചരക്ക് എത്താറുണ്ട്. അതിപ്പോള്‍ 30 ലോഡില്‍ താഴെയായി. എല്‍പിജി, കണ്ടെയ്നർ, ടാങ്കര്‍ ലോറികളും സമരത്തോട് സഹകരിക്കുന്നുണ്ട്.
ഇതിനിടെ സമരത്തില്‍നിന്ന് പിന്മാറുന്നതായി പാലക്കാട് ഒരു വിഭാഗം ലോറി ഉടമകള്‍ അറിയിച്ചിരുന്നു. എന്നാല്‍ പാലക്കാട് ബിവറേജസ് കോര്‍പ്പറേഷന്റെ കരാര്‍ ജോലികള്‍ ചെയ്യുന്ന ചില പ്രാദേശിക ലോറി ഉടമകള്‍ മാത്രമാണ് സമരം പിന്‍വലിച്ചതെന്നും സര്‍വീസ് തുടര്‍ന്നാല്‍ അവരുടെ വാഹനങ്ങളും തടയുമെന്നാണ് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐഎംടിസി പിന്തുണയോടെ സതേണ്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 30 മുതലാണ് ചരക്ക് വാഹനങ്ങള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള ഹരിത ട്രൈബ്യൂണലിന്റെ നീക്കം ഉപേക്ഷിക്കുക, വാഹന നികുതി വര്‍ധന പിന്‍വലിക്കുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.