വൈപ്പിൻ: പശുക്കളെ കൊല്ലാൻ ധൈര്യമുള്ളവർ കേരളത്തിലുണ്ടോയെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേ ഗൾഫിൽ നിന്നും മലായളി യുവാവ് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വധഭീഷണിയുണ്ടെന്നാരോപിച്ച് യുവമോർച്ച നേതാവ് പോലീസിൽ പരാതി നൽകി.
ഗൾഫ് മലയാളിയും എറണാകുളം വൈപ്പിൻ പുതുവൈപ്പ് സ്വദേശിയുമായ യുവാവിനെതിരേ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നിതിൻ പള്ളത്ത് ഞാറക്കൽ സിഐ, എസ്ഐ എന്നിവർക്കാണ് പരാതി നൽകിയിട്ടുള്ളത്. വീഡിയോ സന്ദേശം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയ ശേഷമാണ് പരാതി നൽകിയിട്ടുള്ളത്.
പശുവിനെയല്ല സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകൾ ഇവിടെയുണ്ടെന്ന പരാമർശമാണ് പരാതിക്കിടയാക്കിയിട്ടുള്ളത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സുരേന്ദ്രന്റെ മാതാപിതാക്കളെവരെ തെറിവിളിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇതിനിടയിലാണ് ഭീഷണി ഉയർത്തുന്നത്.
ഇത് സംസ്ഥാനം വേറെയാണ് ഇവിടത്തെ യുവാക്കൾ വിദ്യാസന്പന്നരാണ് അതുകൊണ്ട് സുരന്ദ്രൻ ഇതേപോലെയുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഈ വിഷയത്തിൽ വരുംദിവസം സുരേന്ദ്രൻ നേരിട്ട് സിറ്റിപോലീസ് കമ്മീഷണർക്കും പരാതി നൽകുമെന്നാണ് സൂചന.