മുംബൈ/ലണ്ടൻ/ന്യൂയോർക്ക്: സിറിയയിലെ അമേരിക്കൻ മിസൈൽ ആക്രമണം ഓഹരികൾക്കു ക്ഷീണമായി; ഡോളറും താണു. സ്വർണത്തിനും ക്രൂഡ് ഓയിലിനും വില കയറി.ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകളെല്ലാം താണു.
സെൻസെക്സ് 221 പോയിന്റ് താണ് 29,706.66ലും നിഫ്റ്റി 63.65 പോയിന്റ് താണ് 9,198.3ലും ക്ലോസ് ചെയ്തു. രൂപ കൂടുതൽ കരുത്തു നേടി. ഡോളറിന് 23 പൈസ കുറഞ്ഞ് 64.28 രൂപയായി.
സ്വർണവില രാജ്യാന്തര വിപണിയിൽ ഒരു ശതമാനം കയറി. ഔൺസിന് 1,250 ഡോളറിൽനിന്ന് 1,265ലേക്കാണ് സ്വർണം എത്തിയത്. ക്രൂഡ് വിലയും ഒരു ശതമാനത്തോളം വർധിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 55.28 ഡോളറും ഡബ്ല്യുടിഐ ഇനം 52.19 ഡോളറുമായി.
യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ എന്നിവയുമായി ഡോളറിന്റെ നിരക്ക് താണു. റഷ്യൻ റൂബിളും ഒരു ശതമാനത്തോളം താണു. 2015നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഈ ദിവസങ്ങളിൽ റൂബിൾ. എന്നാൽ റഷ്യൻ മിത്രമായ സിറിയയെ അമേരിക്ക ആക്രമിച്ചതു റൂബിളിനും ആഘാതമായി.
സംഘർഷം വർധിക്കുന്നതു റഷ്യയുടെ എണ്ണ കയറ്റുമതി അടക്കം സാന്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് ആശങ്ക. സിറിയയുമായി അതിർത്തി പങ്കിടുന്ന തുർക്കിയുടെ കറൻസിക്കും ക്ഷീണമായി. .dpuf