മങ്കൊന്പ് : നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കഐസ്ആർസിയെ ഒരുവർഷത്തിനുള്ളിൽ ലാഭകരമാക്കുമെന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കുട്ടനാട്ടിലെത്തിയ അദ്ദേഹം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാവങ്ങളുടെ വണ്ടിയെന്നുപറയുന്ന കഐസ്ആർടിസി നശിച്ചുകൊണ്ടിരിക്കുകയാണ്.
നഷ്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുന്ന വകുപ്പിനു ശന്പളം, പെൻഷൻ എന്നീ ഇനത്തിൽ ആയിരക്കണക്കിനു രൂപയുടെ കുടിശികയുണ്ട്. നാലുദിവസം മന്ത്രിക്കസേരയിലിരുന്നപ്പോൾ ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മനസിലായി. വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. 10000 രൂപയുടെ കളക്ഷൻ ഇല്ലാത്ത റൂട്ടുകൾ നിർത്തലാക്കാനുള്ള മുൻ തീരുമാനം നടപ്പാക്കില്ല.
ലാഭകരമല്ല എന്ന് പറഞ്ഞു കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കില്ല. കെഎസ് ആർടിസിയുടെ പുനരുദ്ധാരണത്തിനുള്ള എല്ലാ നിർദേശങ്ങളും നടപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. ജലഗതാഗത വകുപ്പിനു പുതിയ 14 ഫൈബർ ബോട്ടുകൾ വാങ്ങും.
ഇതിനായി 25.38 കോടി രൂപ അനുവദിച്ചു. മലിനീകരണവും ശബ്ദവും കുറഞ്ഞ, ആധുനിക സംവിധാനങ്ങളോടു കൂടിയ കറ്റാമറൈൻ ബോട്ടുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. 20 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ബോട്ടുകളിൽ ഒരേ സമയം നൂറുപേർക്കു യാത്ര ചെയ്യാനാകും. ആലപ്പുഴയിലെ ടൂറിസം വികസനത്തിനും, അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുമായി വാട്ടർ ടാക്സികൾ ആരംഭിക്കും. പരീക്ഷണാർഥം ആദ്യം രണ്ടു വാട്ടർ ടാക്സികളാണ് വാങ്ങുക.
ഇതിനായി 76 ലക്ഷം രൂപവീതം അനുവദിച്ചു. 9നിലവിൽ ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. കായൽ മേഖലയിലും മറ്റും അത്യാവശ്യ ഘട്ടങ്ങളിലും ഇത് ഉപയോഗിക്കാം. സാധാരണ മോട്ടോർ ബോട്ടുകൾ ഏഴു നോട്ടിക്കൽ മൈൽ വേഗത്തിലാണ് സഞ്ചരിക്കുന്നത്. എന്നാൽ ഇവയെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഇത്തരം ബോട്ടുകളെന്നും അദ്ദേഹം അറിയിച്ചു.