മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർറൂം ടോയ്ലറ്റിൽ യുവതി പ്രസവിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് കുഴിമണ്ണ പാലക്കാട് പറങ്ങാട്ടു ചാലി അബ്ദുറഹിമാന്റെ ഭാര്യയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. രാത്രി പത്തോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിവരമറിയിച്ചുവെങ്കിലും അവർ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നു രോഗിയുടെ കൂടെയുള്ളവർ പറയുന്നു.
യുവതി വസ്ത്രം മാറാനായി ബാത്ത്റൂമിൽ കയറിയ ഉടനെ ക്ലോസറ്റിനു സമീപം തറയിൽ പ്രസവിക്കുകയായിരുന്നു. മഞ്ചേരിയിലെ കോണ്ഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ ഭർത്താവ് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി.
മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഹനീഫ പുല്ലൂർ, യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് അക്ബർ മിനായി, ഫൈസൽ ചുങ്കത്ത്, ജയകുമാർ മാടങ്ങോട്, ഷംസുദീൻ അത്തിക്കുളം എന്നിവർ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി ചർച്ച നടത്തി. അന്വേഷണം നടത്തി ബുധനാഴ്ചയ്ക്കകം കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാർ ഉറപ്പു നൽകി.
കഴിഞ്ഞ ഡിസംബറിൽ ദളിത് യുവതി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി പ്രസവമുറിയിലെ ക്ലോസറ്റിൽ പ്രസവിച്ചത് ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു.