താമരശേരി/കൽപ്പറ്റ : ചുരത്തിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സംരക്ഷണ ഭിത്തിയിൽ കയറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ചുരം എട്ടാം വളവിനും ഒമ്പതാംവളവിനുമിടയിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബത്തേരി ഡിപ്പോയുടെ തൊടുപുഴ സൂപ്പർ ഫാസ്റ്റ് തൊടുപുഴയിൽ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
ബസിന്റെ മുൻഭാഗം സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ പുറകിലെ ടയർ സംരക്ഷണ ഭിത്തിയിൽ തട്ടിനിന്നതിനാലാണ് ദുരന്തം ഒഴിവായത്. ബസിന്റെ പകുതി ഭാഗം കൊക്കയിലേക്കും ബാക്കി ഭാഗം റോഡിലുമായാണ് നിന്നത്. യാത്രക്കാർ ഡ്രൈവറുടെ സീറ്റിനടുത്ത വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. ഇവർ മറ്റൊരു ബസിൽ യാത്ര തുടർന്നു. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ചാണ് റോഡിലേക്കു മാറ്റിയത്.