ഇന്ത്യൻ ഓഹരിവിപണി സാന്പത്തികവർഷത്തിന്റെ ആദ്യദിനങ്ങളിൽ കാഴ്ചവച്ച തിളക്കം ഓപ്പറേറ്റർമാരെ പുതിയ നിക്ഷേപങ്ങൾക്കു പ്രേരിപ്പിച്ചു. ബോംബെ സെൻസെക്സിന് മുൻ വാരം ഇതേ കോളത്തിൽ ദീപിക സൂചിപ്പിച്ച 30,001 റേഞ്ചിൽ പ്രതിരോധം നേരിട്ടു.
29,620ൽനിന്നുള്ള കുതിപ്പിനിടയിലാണ് സൂചിക രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. ഇതിനിടെ സിറിയയ്ക്കു നേരേയുള്ള അമേരിക്കയുടെ മിസൈൽ ആക്രമണം ആഗോള ഓഹരിവിപണികളിൽ ഞെട്ടലുളവാക്കി. സെൻസെക്സ് 86 പോയിന്റും നിഫ്റ്റി 25 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ വിനിമയനിരക്ക് 20 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലാണ്. വിനിമയ വിപണിയിലെ ചലനങ്ങളും വ്യാവസായിക മേഖലയിലെ ഉണർവും മുൻനിർത്തി ആർബിഐ പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. 64.85ൽനിന്ന് രൂപയുടെ നിരക്ക് 64.19 വരെ മെച്ചപ്പെട്ടു. വിദേശഫണ്ടുകൾ കഴിഞ്ഞ വാരം 1,243.52 കോടി രൂപ നിക്ഷേപിച്ചു. ഈ വർഷം വിദേശനിക്ഷേപം ഇതിനകം 39,000 കോടി രൂപയിലെത്തി.
ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ മാത്രമായി ഒതുങ്ങും. വിഷുദിവസമായ വെള്ളിയാഴ്ച ഡോ. ബാബാസാഹേബ് അംബേദ്കർ ജയന്തി പ്രമാണിച്ചും, ദുഃഖവെള്ളിമൂലവും വിപണി പ്രവർത്തിക്കില്ല.
മുൻനിരയിലെ 30 ഓഹരികളിൽ 15 എണ്ണത്തിന്റെ നിരക്കുയർന്നപ്പോൾ ശേഷിക്കുന്ന 15 എണ്ണത്തിനു തളർച്ച. റിയാലിറ്റി, കാപ്പിറ്റൽ ഗുഡ്സ് ഇൻഡക്സുകൾ നാലു ശതമാനത്തിലധികം മികവു കാണിച്ചു. ഓയിൽ ആൻഡ് ഗ്യാസ്, കണ്സ്യൂമർ ഡ്യൂറബിൾ, ഓട്ടോമൊബൈൽ, പിഎസ്യു, പവർ വിഭാഗങ്ങളും നേട്ടത്തിൽ. ഐടി, എഫ്എംസിജി വിഭാഗങ്ങൾക്കു തളർച്ച.
കോർപറേറ്റ് മേഖല ഈ വാരം ത്രൈമാസ പ്രവർത്തനഫലങ്ങൾ പുറത്തുവിടും. വ്യാഴാഴ്ച ഇൻഫോസിസ് ടെക്നോളജി അവരുടെ റിപ്പോർട്ട് ഇറക്കും. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മികവ് ഐടി കന്പനികളെ ബാധിക്കാം.
ബിഎസ്ഇയിൽ 16,104.66 കോടി രൂപയുടെയും എസ്എസ്ഇയിൽ 1,05,939.97 കോടി രൂപയുടെയും ഇടപാടുകൾ പിന്നിട്ടവാരം നടന്നു. തൊട്ടു മുൻവാരം ഇത് 52,203.39 കോടിയും 1,51,164.12 കോടിയുമായിരുന്നു.
ആർബിഐ വ്യാഴാഴ്ച വായ്പാ അവലോകനത്തിൽ റീപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിലനിർത്തി. റിവേഴ്സ് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആറു ശതമാനമാക്കി. രാജ്യത്തിന്റെ സാന്പത്തികവളർച്ചയ്ക്ക് വേഗതയേറുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രബാങ്ക്. 2016-17 കാലയളവിൽ 6.7 ശതമാനമായിരുന്ന വളർച്ച 2017-18ൽ 7.4 ശതമാനത്തിലെത്തുമെന്ന പ്രതീക്ഷയിലാണ്.
സെൻസെക്സ് വാരാന്ത്യം 29,706 പോയിന്റിലാണ്. സൂചിക വാരമധ്യത്തിനു മുന്പ് 29,915 പോയിന്റിന് മുകളിലെത്തിയാൽ 30,124-30,244 പോയിന്റ് ലക്ഷ്യമാക്കി നീങ്ങും. അതേസമയം വിദേശഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിനു നീക്കം നടത്തിയാൽ 29,586ൽ താങ്ങുണ്ട്.
ഈ സപ്പോർട്ട് നഷ്ടമായാൽ 29,466-29,257 റേഞ്ചിലേക്കു പരീക്ഷണം നടത്താം.ഡെയ്ലി ചാർട്ടിൽ സെൻസെക്സ് തിരുത്തലിനുള്ള നീക്കത്തിലാണ്. അതേസമയം വീക്ക്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ട് മേഖലയിലാണ്.
നിഫ്റ്റി സൂചിക 9,195-9,273 റേഞ്ചിൽ സഞ്ചരിച്ചു. ക്ലോസിംഗിൽ 9,198ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം 9,249-9,300 പോയിന്റിൽ പ്രതിരോധവും 9,171-9,144ൽ താങ്ങുമുണ്ട്.
ഏഷ്യൻ മാർക്കറ്റുകളിൽ ജാപ്പനീസ്, ചൈനീസ് സൂചികകൾ നേട്ടം കൈവരിച്ചപ്പോൾ ഹോങ്കോംഗ്, കൊറിയൻ വിപണികൾക്ക് നഷ്ടം. യൂറോപ്യൻ ഇൻഡക്സുകൾ പലരും മികവിലാണ്. എന്നാൽ, അമേരിക്കയിൽ ഡൗ ജോണ്സ്, എസ് ആൻഡ് പി, നാസ്ഡാക് സൂചികകൾ തളർന്നു.
യുഎസ് വ്യോമസേന സിറിയയിൽ നടത്തിയ മിസൈയിൽ ആക്രമണം നിക്ഷേപകരിൽ ആശങ്ക ജനിപ്പിച്ചു. സിറിയൻ അതിർത്തിരാജ്യങ്ങളിലെ നാണയങ്ങളിൽ ഈ അവസരത്തിൽ ചാഞ്ചാട്ടം ദൃശ്യമായി. സൈനികനീക്കങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ ബാരലിന് 52.29 ഡോളറിലെത്തി. സ്വർണം അഞ്ചു മാസത്തെ ഉയർന്ന നിലവാരമായ 1272 ഡോളറിലേക്കു കുതിച്ച ശേഷം 1253 ഡോളറിലാണ്.
2016 ഏപ്രിൽ 2017 ഫെബ്രുവരി കാലയളവിൽ ഇന്ത്യയുടെ സ്വർണം ഇറക്കുമതി 24 ശതമാനം കുറഞ്ഞു. സാന്പത്തികവർഷത്തിന്റെ ആദ്യ 11 മാസങ്ങളിൽ ഇറക്കുമതി 9,520 കോടി ഡോളറിൽ ഒതുങ്ങി. ഫെബ്രുവരിയിൽ അവസാനിച്ച 11 മാസകാലയളവിൽ ഇന്ത്യയുടെ സ്വർണം ഇറക്കുമതി 560.32 ടണ്ണാണ്.