വെളുപ്പിനാണ് സൗന്ദര്യവും അഴകുമെന്ന് കൊച്ചുകുട്ടികളെപ്പോലും പാടിപ്പടിപ്പിക്കുന്നവരാണ് ഇന്നധികവും. ഇതോടെ കറുപ്പ് നിറമുള്ള എന്തിനെയും അത് മനുഷ്യരായാലും കളിപ്പാവകളായാലും അകറ്റി നിര്‍ത്താന്‍ അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ പരിശീലിക്കപ്പെടുന്നുണ്ട്. എന്നാല്‍ പൊതുവേ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ പ്രചരിക്കുന്ന ഈയൊരു വര്‍ണ്ണവ്യവസ്ഥയെ പാടെ അവഗണിക്കുന്ന തരത്തിലുള്ള ഒരു സംഭവമാണ് സൗത്ത് കരോലിനയില്‍ നടന്നത്. മുതിര്‍ന്ന ആളുകള്‍ക്ക് പോലും മാതൃകയാക്കാവുന്ന തരത്തിലുള്ള ഒരുപദേശം നല്‍കുകയാണ് കരോലിന സ്വദേശിയായ സോഫിയ എന്ന പെണ്‍കുട്ടി ചെയ്തത്. ഡോക്ടറാകാന്‍ ഇഷ്ടമുള്ള സോഫിയ ഒരു ഡോക്ടര്‍ പാവക്കുട്ടിയെ തിരഞ്ഞെടുക്കാനായിരുന്നു കടയിലെത്തിയത്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സോഫിയയുടെ അമ്മ ബ്രാന്റി ബ്രെന്നര്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിനു താഴെ ഇപ്പോള്‍ സോഫിയയ്ക്കുള്ള അഭിനന്ദന പ്രവാഹമാണ്. സംഭവത്തെക്കുറിച്ച് സോഫിയയുടെ അമ്മ പറയുന്നതിങ്ങനെ.
‘സോഫിയയ്ക്കു പാവക്കുട്ടിയെ വാങ്ങാനായി പോയതായിരുന്നു പാവക്കുട്ടിയെ എടുത്ത് പണം കൊടുക്കാനായി കൗണ്ടറിലെത്തിയപ്പോള്‍ കാഷിയര് അവളോടു ചില കാര്യങ്ങള്‍ ചോദിച്ചു. സോഫിയ ബര്ത്ഡേ പാര്‍ട്ടിക്കാണോ പോകുന്നതെന്നാണ് ആദ്യം ചോദിച്ചത്, പിന്നീട് ആ പാവക്കുട്ടിയെ വാങ്ങിയത് സുഹൃത്തിനു സമ്മാനിക്കാനാണോ എന്നു ചോദിച്ചു. ഇതിനെല്ലാം മറുപടി പറയാതെ അവള് തുറിച്ചു നോക്കി. എന്നാല്‍ അതു സോഫിയയ്ക്കു തന്നെ വാങ്ങിയതാണെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ കാഷിയര് അവളോടു േചാദിച്ചു, ഇതാണോ നിനക്കു വേണ്ട പാവക്കുട്ടി എന്ന്. അവസാനം സോഫിയ അതെയെന്നും മറുപടി പറഞ്ഞു. ഉടന്‍ കാഷിയര് പറഞ്ഞു, പക്ഷേ ഇതു കാണാന്‍ നിന്നെപ്പോലെയല്ലല്ലോ… നിന്നെപ്പോലെ ഇരിക്കുന്ന വേറെയും കുറേ പാവക്കുട്ടികള്‍ ഇവിടെയുണ്ട് എന്ന് അവര്‍ പറഞ്ഞു.
എനിക്കു ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു പക്ഷേ ഞാന്‍ എന്തെങ്കിലും മറുപടി പറയുംമുമ്പ് അവള് പ്രതികരിച്ചു. ഞാന്‍ സുന്ദരിയാണ്, അതുപോലെ തന്നെ അവളും സുന്ദരിയാണ്, ഞാനൊരു േഡാക്ടറാണ് അവളും ഒരു ഡോക്ടറാണ്. അവളുടെ സുന്ദരമായ മുടി നോക്കൂ, അവളുടെ സ്റ്റെതസ്കോപ് നോക്കൂ. അതോടെ കാഷിയര് മറുത്തൊന്നും പറയാതെ പാവക്കുട്ടി പായ്ക്ക് ചെയ്തുനല്‍കി. ഇതോടെ എനിക്ക് ഒരു കാര്യം േബാധ്യമായി, നമ്മള് നിറത്തെക്കുറിച്ച് ബോധവാന്മാരായല്ല ജനിക്കുന്നത്. മുടിയും കണ്ണുമൊക്കെ പോലെ വ്യത്യസ്ത നിറമാണ് തൊലിക്കുമുള്ളത്. എല്ലാ നിറങ്ങളും മനോഹരം തന്നെയാണ്”- ബ്രെന്നര്‍ പറയുന്നു. ഇതുപോലുള്ള കുട്ടികളെയാണ് നാടിനാവശ്യം എന്നരീതിയിലുള്ള കമന്റുകളിലൂടെയാണ് ആളുകള്‍ ബ്രെന്നറിന്റെ പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കുന്നത്.