സ്വന്തം ലേഖകൻ
കോഴിക്കോട്: മലയാളികളുടെ വിഷു ആഘോഷം പടികടന്നെത്താന ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്ക് നോട്ടുക്ഷാമംസമസ്തമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ട്രഷറികളിൽ പണമില്ലാത്തതാണ് വലിയൊരുവിഭാഗം പെൻഷൻകാർക്കും തിരിച്ചടിയാകുന്നതെങ്കിൽ ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കാൻ സർക്കാർ നെട്ടോട്ടമോടുകയാണ്. വിഷുവിനുമുൻപ് ക്ഷേമപെൻഷൻ വിടുകളിൽ എത്തിക്കാനാണ് ശ്രമം.
എന്നാൽ ട്രഷറികളിൽ പണിമില്ലാത്തത് പെൻഷൻകാർക്ക് തിരിച്ചടിയാകുകയാണ്. കഴിഞ്ഞ ആഴ്ച മൂന്നുദിവസം മാത്രമാണ് സിവിൽസ്റ്റേഷനിലെ സബ് ട്രഷറിയിൽ നിന്നും പെൻഷൻ വിതരണം ചെയ്തത്. പലരും മണിക്കൂറുകളോം കാത്തുനിന്ന് ടോക്കണ്‍ കിട്ടാതെ മടങ്ങി.ബാങ്കുകളിൽ ആവശ്യത്തിന് പണമില്ലാത്തതിനെ തുടർന്ന് ട്രഷറികളുടെ പ്രവർത്തനം അവസാന പ്രവർത്തിദിവസമായ വെള്ളിയാഴ്ചയും തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ച ഹർത്താൽ ആയതിനാൽ വെള്ളിയാഴ്ച പെൻഷൻ വാങ്ങാൻ ട്രഷറികളിൽ എത്തിയവർ പണമില്ലാത്തതിനാൽ നിരാശരായി മടങ്ങി.
രണ്ടാം ശനി, ഞായർ ദിവസങ്ങൾ കൂടി അവധിയായതോടെ ഇന്ന് രാവിലെ മുതൽ തന്നെ ട്രഷറികളിൽ തിരക്കോടുതിരക്കാണ്. മാസാദ്യത്തിലെ ആദ്യ ആഴ്ച പിന്നിട്ടിട്ടും പെൻഷൻ പൂർണമായി വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. ട്രഷറികൾക്ക് ആവശ്യമായ പണം നൽകാൻ ബാങ്കുകൾക്ക് സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പിൻവലിച്ച 500, 1000 രൂപ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് സാധിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പിൻവലിക്കാവുന്ന പണ പരിധി പിൻവലിച്ചതോടെ ആളുകൾ കൂടുതലായി പണം പിൻവലിക്കാൻ തുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടിയതെന്ന് വ്യക്തം.
എടിഎമ്മുകളിൽ നിന്നും പരിധിയില്ലാതെ പണം പിൻവലിക്കാൻ കഴിഞ്ഞതോടെ നോ്ട്ടുപ്രതിസന്ധി അതിന്റെ പാരമ്യത്തിലെത്തി. നിയന്ത്രണം നിലനിന്നിരുന്നകാലത്ത് ട്രഷറികളിൽ പെൻഷൻ വിതരണം ഇങ്ങനെ തുടർച്ചയായി മുടങ്ങിയിരുന്നില്ല എന്നതാണ് സത്യം. ഒരു ദിവസം മുടങ്ങിയെങ്കിലും തൊട്ടടുത്ത ദിവസത്തേക്ക് ടോക്കണ്‍ നൽകി പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു.
ബുധനാഴ്ച 20 ലക്ഷം മാത്രം ലഭിച്ച ജില്ലാ ട്രഷറിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒരു പണവും ലഭിച്ചില്ല. ദൈനംദിന പ്രവർത്തനങ്ങൾക്ക് മാത്രം 50 ലക്ഷം രൂപയെങ്കിലും വേണ്ടിയിരുന്നിടത്താണ് ഇത്. ട്രഷറിയിൽ വിവിധ ആവശ്യങ്ങൾക്ക് അടയ്ക്കുന്ന പണം ഉപയോഗിച്ചാണ് ശന്പളം നൽകിയത്. സിവിൽ സ്റ്റേഷനിലെ പെൻഷൻ ട്രഷറിയിൽ ആകെ 60 ലക്ഷം രൂപയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കിട്ടാനുള്ളതടക്കം രണ്ട് കോടി വേണ്ടിടത്താണ് ഈ തുക ലഭിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ടോക്കണ്‍ നൽകിയവർക്കാണ് വെള്ളിയാഴ്ച പെൻഷൻ നൽകിയത്. മാനാഞ്ചിറ ട്രഷറിയിൽ പണമുണ്ടെന്ന വിവരത്തെ തുടർന്ന് കുറച്ചു പേരെ അങ്ങോട്ടേക്ക് അയച്ചു. അവശേഷിക്കുന്ന കുറച്ചുപേർക്കാണ് പെൻഷൻ നൽകിയത്. ജില്ലയിലെ മറ്റു ട്രഷറികളിലും ആവശ്യത്തിന് പണം ലഭിച്ചിട്ടില്ല.പത്തിന്റെയും ഇരുപതിന്റെയും പഴയ നോട്ടുകളാണ് ബാങ്ക് ട്രഷറിക്ക് നൽകിയത്. ഇത് എണ്ണിത്തിട്ടപ്പെടുത്താനും സമയമെടുക്കുന്നുണ്ട്.