64-ാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വന്നതോടെ ഷോക്കടിച്ചതുപോലെയാണ് അക്ഷയ് കുമാറും സോനം കപൂറും. രുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അക്ഷയ് കുമാർ മികച്ച നടനായപ്പോൾ മികച്ച ഹിന്ദി സിനിമയായി നീർജ തെരഞ്ഞെടുക്കപ്പെട്ടു. നീർജയിലെ കഥാപാത്രം സോനം കപൂറിനു നേടിക്കൊടുത്തത് പ്രത്യേക ജൂറി പരാമർശം.
ആരെങ്കിലും ചിന്തിച്ചോ എന്നാണ് അവാർഡ് പ്രഖ്യാപനത്തെക്കുറിച്ച് സോനം കപൂർ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്. സോനവും അക്ഷയ്യും അത്ഭുതപ്പെട്ടിരിക്കുന്ന ഒരു ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ട്വിറ്റർ വീഡിയോയിലൂടെയാണ് അക്ഷയ് തന്റെ പ്രേക്ഷകരുമായി സന്തോഷം പങ്കുവച്ചത്. രുസ്തം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അവാർഡ് തന്റെ മാതാപിതാക്കൾക്കും കുടുബത്തിനും സമർപ്പിക്കുന്നുവെന്നും അക്ഷയ് വീഡിയോയിലൂടെ പറയുന്നു.
അവാർഡു കിട്ടാതെ അവാർഡ് ഷോകളിൽ വെറുതേ പോയിരിക്കുന്ന പണി നിർത്തിയത് നന്നായി എന്ന് കളിയാക്കാറുള്ള എന്റെ പ്രിയപ്പെട്ട ഭാര്യക്ക് പ്രത്യേകമായി ഈ അവാർഡ് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു. രണ്ടു പതിറ്റാണ്ടുകളായി വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്നെങ്കിലും അക്ഷയ് കുമാറിന്റെ ആദ്യത്തെ ദേശീയ പുരസ്കാരമാണിത്. പദ്മം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ അക്ഷയ്യും സോനവും.