പണ്ടുമുതലേ നീന്തല്‍ എന്നുള്ളത് കുറച്ചധികം ധൈര്യമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അല്പം സാഹസികത ഇതിലടങ്ങിയിട്ടുണ്ട് എന്നത് തന്നെ കാരണം. ഇതുപോലെ നീന്തല്‍ അറിയാവുന്ന ഒപ്പം സാഹസികത ഇഷ്ടപ്പെടുന്നവരുമായ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു നീന്തല്‍ക്കുളമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഈ നീന്തല്‍ കുളത്തിന് ചില പ്രത്യകതകളുണ്ട്. ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബില്‍ഡിങ്ങിനു മുകളിലുള്ള കെട്ടിടത്തിലാണ് ഈ നീന്തല്‍ക്കുളം സ്ഥിതി ചെയ്യുന്നത്.
ധൈര്യശാലികളെ ആകര്‍ഷിക്കുക എന്നതാണ് ഇതിന്റെ നിര്‍മ്മാതാക്കളുടെ പ്രധാന ലക്ഷ്യം. അല്ലാത്തവര്‍ ചിലപ്പോള്‍ വെള്ളത്തില്‍ ഇറങ്ങുന്ന സമയം തന്നെ തലകറങ്ങി വെള്ളത്തില്‍ വീഴാന്‍ സാധ്യതയുണ്ട്. എന്താണിതിന്റെ പ്രത്യേകത എന്നല്ലേ. ആകാശത്തില്‍ ഒരു നീന്തല്‍ക്കുളം സ്ഥാപിച്ചാല്‍ എങ്ങനിരിക്കും? അതേ അനുഭവം തന്നെയാണ് ഈ നീന്തല്‍ക്കുളവും സമ്മാനിക്കുക. കാരണം കൂറ്റന്‍ കെട്ടിടത്തിന്റെ നാല്പതാമത്തെ നിലയിലുള്ള ഈ കുളത്തില്‍ നിന്നാല്‍ താഴെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം.
അതായത് ഒരു പക്ഷി ആകാശത്തുകൂടി പാറിപ്പറക്കുമ്പോള്‍ എന്തൊക്കെ കാഴ്ച്ചകള്‍ കാണുന്നുവോ അതെല്ലാം നിങ്ങള്‍ക്കു നീന്തിത്തുടിച്ചു കാണാം. ഹൂസ്റ്റണിലെ മാര്‍ക്കറ്റ് സ്ക്വയര്‍ ടവറിലാണ് ഈ പ്രത്യേക പൂളുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്തു നിന്നും പുറത്തേക്കു തള്ളിനില്ക്കും വിധത്തിലാണ് സ്വിമ്മിങ് പൂളിന്റെ നിര്‍മാണം. എട്ടിഞ്ചു കട്ടിയുള്ള പ്രത്യേകതരം ഗ്ലാസ് കൊണ്ടു നിര്‍മിച്ചതാണെങ്കിലും താഴെയുള്ള കാഴ്ചകള്‍ക്ക് യാതൊരു തടസവുമില്ല. ഉയരത്തെ പേടിയില്ലാത്തവര്‍ക്ക് മാത്രമെ ഈ പൂളിലിറങ്ങാന്‍ സാധിക്കുകയുള്ളു എന്നതാണ് ഈ പൂളിനെ വേറിട്ടതാക്കുന്നത്.