മലപ്പുറം: മുഖ്യമന്ത്രിയെ കാണാൻ ബന്ധപ്പെട്ടവർ കരാറുണ്ടാക്കേണ്ട ഗതികേടിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരത്ത് നടത്തിയ സമരം ഒത്തുതീർപ്പാക്കാനുണ്ടാക്കിയ കരാറിനെ പരാമർശിച്ചാണു ചെന്നിത്തല മലപ്പുറത്തു മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചത്.
മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടം ജനങ്ങൾക്കു മനസിലായെങ്കിലും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഇതുവരെ മനസിലായിട്ടില്ല. ഷാജഹാനെ എന്തിനാണ് അറസ്റ്റ് ചെയ്തത്? അദ്ദേഹം ഒരു ഗൂഢാലോചനയും നടത്തിയില്ല എന്നാണിപ്പോൾ പറയുന്നത്. ഭരണകൂട ഭീകരതയുടെ മുഖം കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഇവിടെ എന്നാണു മനസിലാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.