അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നിരവധി പേരുണ്ട്. സംവിധാനം ആണെങ്കിലും അഭിനയം ആണെങ്കിലും മാതൃക അച്ഛനാണെന്ന് വിളിച്ചു പറയുന്ന യുവതാരങ്ങളാണ് ഇപ്പോഴുള്ളത്. ശ്രീനിവാസന് പിന്നാലെ വിനീത് ശ്രീനിവാസനും അഭിനയത്തിലേക്കെത്തി.
പിന്നീട് സംവിധായകനുമായി. ഇപ്പോഴിതാ, അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും സംവിധായകന്റെ കുപ്പായമിടുന്നു. അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയിൽ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതിൽ വിജയിച്ചവരാണ് വിനീതും ധ്യാനും.
ചിത്രത്തിന്റെ കഥയും ധ്യാൻ തന്നെയാണ് തയാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയാറെടുപ്പിലാണ് താരം. ധ്യാനിന്റെ നായകൻ നിവിൻ പോളിയാണ്. വിനീത് ആദ്യമായി ചിത്രമൊരുക്കിയപ്പോഴും നിവിൻ ആയിരുന്നു നായകൻ. നിവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരറാണി നയൻതാരയാണ്. മലയാളത്തിലും തമിഴിലും നിവിനും നയൻസിനും ആരാധകർ ഏറെയാണ്.
അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നത് നിവിന്റെയും നയൻസിന്റെയും ആരാധകർ. ഇടവേളയ്ക്കു ശേഷമാണ് തെന്നിന്ത്യൻ താരറാണി നയൻതാര മലയാളത്തിലേക്കെത്തുന്നത്. വിവാഹത്തിരക്കുകൾ കഴിഞ്ഞ് സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് ധ്യൻ ശ്രീനിവാസൻ.