ഗാന്ധിനഗർ: ഭാര്യയെ ആശുപത്രിയിലാക്കിയിട്ട് ഭർത്താവ് കറങ്ങി നടക്കുന്നതു ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാർ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം ഇതായിരുന്നു. രണ്ടു പേരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
റാന്നി സ്വദേശിയേയും ചിങ്ങവനം സ്വദേശിയേയുമാണു പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം താക്കീത് ചെയ്തു വിട്ടയച്ചത്. ഇന്നലെ രാവിലെ എട്ടിനു 12-ാം വാർഡിലാണു സംഭവം. ഇരുവരുടെയും ഭാര്യമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
റാന്നി സ്വദേശിയാണ് ഭാര്യയുടെ അടുത്ത് പ്രായം കുറഞ്ഞ മക്കളെ നോക്കാൻ ഏൽപ്പിച്ചിട്ട് കറങ്ങിനടന്നത്. മരുന്നും മറ്റാവശ്യങ്ങൾക്കുമായി പുറത്തേക്ക് പോകാനോ എന്തു ചെയ്യ ണമെന്നോ കുട്ടികൾക്ക് അറിയില്ലായിരുന്നു. ഇതേത്തുട ർന്ന് കുട്ടികളെ സഹായിച്ചത് ആ വാർഡിലുള്ള മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ്.
രാവിലെ ആശുപത്രിയിൽ നിന്നും പോയാൽ രാത്രിയിലാണു റാന്നി സ്വദേശിയായ ഭർത്താവ് മടങ്ങിവരുന്നത്. ഇതോടെ ഭാര്യയെ കൂടെ നിന്ന് പരിചരിക്കാത്ത ഭർത്താവിനെ വാർഡിലുള്ള ചിങ്ങവനം സ്വദേശി ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.