തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനുമേൽ പടർന്ന കാർമേഘങ്ങളെല്ലാം നീങ്ങിയതിൽ തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾക്കും പൂര പ്രേമികൾക്കും ആഹ്ലാദം. പൂരം വെടിക്കെട്ട് സാധാരണ പോലെ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഇനി തിരക്കിട്ട ജോലികളാണ്. രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ വെടിക്കെട്ട് ലൈസൻസിയെ കണ്ടെത്തി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കാനുള്ള നടപടികളാരംഭിക്കും. സാധാരണ രണ്ടു മാസം മുന്പു വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാറുണ്ട്.
ഇത്തവണ വെടിക്കെട്ട് നടക്കുമോയെന്നു തന്നെ സംശയമുണ്ടായിരുന്നതിനാൽ കാര്യമായ ഒരുക്കങ്ങൾ നടത്താനായിരുന്നില്ല. എന്നാൽ ചുരുങ്ങിയ സമയങ്ങൾകൊണ്ടു തന്നെ വെടിക്കെട്ടിന് പ്രൗഢി കുറയാതെ എല്ലാം ഭംഗിയാക്കാനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് അനുമതി നൽകാൻ തീരുമാനിച്ചത്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വ്യവസ്ഥ. ഇത് നേരത്തെ തന്നെ തങ്ങൾ അംഗീകരിച്ചിരുന്നതായി ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാതിരുന്നാൽ വെടിക്കെട്ടിന് ശബ്ദം കുറയുമെന്നു മാത്രം. വെടിക്കെട്ടിന് എക്സ്പ്ലോസീവ് വിഭാഗം ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് നൽകും. കേന്ദ്രനിർദേശങ്ങൾ പൂർണമായി പാലിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയാവും വെടിക്കെട്ട് നടത്തേണ്ടതെന്ന്് യോഗത്തിൽ ധാരണയായി. വെടിക്കെട്ടിലെ പ്രധാന ഇനമായ ഗുണ്ട്, അമിട്ട്, കുഴിമിന്നൽ ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്തുന്നതിന് മുന്നോടിയായി തമിഴ്നാട്ടിലെ ശിവകാശിയിലുള്ള ഫയർവർക്സ് റിസർച്ച് ഡെവലപ്മെന്റ് സെന്ററിൽ പരിശോധന നടത്തും.
പൂരത്തിന് അതിനൂതന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി. രാജ്യത്തു തന്നെ ആദ്യമായാണ് പൂരം വെടിക്കെട്ടിന് ഇത്തരത്തിൽ സുരക്ഷയൊരുക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലെ മാതൃകയിൽ ഹൈവോളിയം ലോംഗ് റേഞ്ച് മോണിറ്ററുള്ള വെള്ളം പന്പു ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് വെടിക്കെട്ടു നടത്തുന്ന തേക്കിൻകാട് മൈതാനത്ത് ഒരുക്കുക. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്തും ഫിനിഷിംഗ് പോയിന്റിലും ഇതുണ്ടാകും.
തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ എംഎൽഎ ഫണ്ടുപയോഗിച്ചാണ് ഇത് സ്ഥാപിക്കുക. സുരക്ഷാ നടപടികളുടെ ഭാഗമായി റിസ്ക് അസൈസ്മെന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കും. തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെയും വെടിക്കെട്ട് നിർമാണ പ്രതിനിധികളുടെയും യോഗം കളക്ടർ എ.കൗശികൻ അടുത്ത ദിവസം വിളിച്ചു ചേർക്കും. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ മന്ത്രി വി.എസ്.സുനിൽകുമാറിനു പുറമേ മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുത്തിരുന്നു.