രാജ്കോട്ട്: പുനെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്ത് വാരിയേഴ്സിന് സൂപ്പർ ജയം. ഏഴു വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്. പുനെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടോവർ ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർമാരായ ഡെയ്ൻ സ്മിത്തും (47) ബ്രണ്ടൻ മക്കല്ലവും (49) നൽകിയ മികച്ച തുടക്കമാണ് പുനെയുടെ സ്കോർ അനായാസം മറികടക്കാൻ ഗുജറാത്തിനെ സഹായിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു.
പിന്നാലെയെത്തിയ റെയ്നയും (35) ആരോൺ ഫിഞ്ചും (33) ഓപ്പണർമാർ സൃഷ്ടിച്ച റൺ പ്രവാഹത്തെ മുറിക്കാതെ വിജയലക്ഷ്യത്തിലെത്തി. ഗുജറാത്ത് ഇന്നിംഗ്സിൽ ദിനേഷ് കാർത്തിക് മാത്രമാണ് (3) പരാജയപ്പെട്ടത്. റെയ്നയും ഫിഞ്ചും പുറത്താകാതെ നിന്നു.
നേരത്തെ സ്റ്റീവൻ സ്മിത്ത് (43), രാഹുൽ ത്രിപതി (33), മനോജ് തിവാരി (31) എന്നിവരുടെ പ്രകടനമാണ് പുനെയ്ക്ക് മികച്ച സ്കോർ നൽകിയത്. ബെൻ സ്റ്റോക്കും (25), അങ്കിത് ശർമയും (25) ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ അവസാന ഓവറിൽ ഓസീസ് ബോളർ ആൻഡ്രൂ ടൈയുടെ ഹാട്രിക് പ്രകടനമാണ് പുനെയ്ക്ക് വലിയ സ്കോർ നിഷേധിച്ചത്. ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റാണ് ടൈ വീഴ്ത്തിയത്.
ധോണിയും രഹാനെയും പരാജയപ്പെട്ടതും പുനെയ്ക്കു തിരിച്ചടിയായി. ഓപ്പണറായിറങ്ങിയ രഹാനെ മൂന്നു പന്തിൽ സംപൂജ്യനായാണ് മടങ്ങിയത്. തുടർച്ചയായ നാലാം മൽസരത്തിലും പരാജയപ്പെട്ട ധോണിക്ക് എട്ടു പന്തിൽ അഞ്ചു റൺസാണ് നേടാനായത്.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സ്മിത്തും മക്കല്ലവും നൽകിയത് സ്ഫോടനാത്മകമായ തുടക്കമാണ്. 8.5 ഓവറിൽ 94 റൺസ് നേടിയ ഇരുവരും ഗുജറാത്ത് വിജയത്തിന് അടിത്തറയിട്ടു. 30 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 47 റൺസ് നേടിയാണ് സ്മിത്ത് പുറത്തായത്. 32 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ മക്കല്ലം 49 റൺസെടുത്തു.