ചാവശേരി: തകർന്ന വീടിനുള്ളിൽ വർഷങ്ങളായി അന്തിയുറങ്ങുന്ന നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകി സുഹൃത്തുക്കളായ യുവാക്കൾ മാതൃകയായി. ആറ് ലക്ഷത്തോളം രൂപ ചിലവിട്ടു നിർമിച്ച കോൺക്രീറ്റ് വീടിന്റെ താക്കോൽ ദാനം വിഷുദിനത്തിൽ നടന്നു.
ഇരിട്ടി നഗരസഭയിലെ നടുവനാട് കൊട്ടൂർഞാലിലെ അവിവാഹിതരായ കെ.പി.ലക്ഷ്മി (70), കെ.പി.പങ്കജാക്ഷി (53) എന്നിവർക്ക് തലചായ്ക്കാനാണ് ചാവശേരിയിൽ സാമൂഹ്യപ്രർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരു നില കോൺക്രീറ്റ് വീട് നിർമിച്ച് നൽകിയത്. മൺകട്ട കൊണ്ടു നിർമിച്ച വീടിന്റെ ഒരു ഭാഗം തകർന്നു വീണതിനാൽ വർഷങ്ങളോളമായി ചോർന്നൊലിക്കുന്ന ഒറ്റമുറിയിലാണ് കുടുംബം താമസിച്ചിരുന്നത്.
ഇവരെക്കുറിച്ച് അറിഞ്ഞ ട്രസ്റ്റ് അംഗങ്ങൾ ഇവർക്ക് പുതിയ വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. പഴയ വീടിന് മുന്നിലായാണ് ഒരു നില കോൺക്രീറ്റ് വീട് നിർമിച്ച് നൽകിയത്. ആരോടും സഹായം തേടാതെയാണ് 9 അംഗങ്ങളുടെ ട്രസ്റ്റിന്റെ നേതൃത്യത്തിൽ വീട് നിർമിച്ച് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. നിർമാണം പൂർത്തിയായ വീടിന്റെ ഗൃഹപ്രവേശനം വിഷുദിനത്തിൽ നടന്നു.
ചടങ്ങിൽ വീടിന്റെ താക്കോൽ ട്രസ്റ്റ് അംഗങ്ങളായ കെ.കെ.ശ്രീനിവാസനും, കെ.പ്രമോദും ചേർന്ന് കുടുംബത്തിന് കൈമാറി. ഇരിട്ടി നഗരസഭ കൗൺസിലർ പി.പി.മുജീബ്,പി.വി.സന്തോഷ്, കെ.പി. ജയചന്ദ്രൻ, കെ.ഷാജി, പി.വി.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.