മുംബൈ: തുടര്‍ച്ചയായ നാലാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. കഴിഞ്ഞ വിജയങ്ങളിലെല്ലാം പ്രധാന പങ്കു വഹിച്ച നിധീഷ് റാണയുടെ മറ്റൊരു അര്‍ധസെഞ്ചുറിയാണ് മുംബൈ ജയം അനായാസമാക്കിയത്. മധ്യനിരയില്‍ കെയ്റോണ്‍ പൊളാര്‍ഡും രോഹിത് ശര്‍മയും നിറഞ്ഞു കളിച്ചു.
ടോസ് നേടിയ മുംബൈ ഗുജറാത്ത് ലയണ്‍സിനെ ആദ്യം ബാറ്റിംഗിനയച്ചു. 20 ഓവറില്‍ നാലിന് 176 എന്ന ഭേദപ്പെട്ട സ്കോറിലെത്താന്‍ ഗുജറാത്തിനു സാധിച്ചു. എന്നാല്‍, മദംപൊട്ടി നില്ക്കുന്ന മുംബൈ ബാറ്റ്സ്മാന്മാര്ക്ക് നേരേ ചൊവ്വേ ഒന്ന് അറമാദിക്കാനുള്ള സ്കോര്‍ പോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം. 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കണ്ടു. മുംബൈക്ക് ആറു വിക്കറ്റിന്റെ ഉജ്വല ജയം.
36 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുമടക്കം 53 റണ്‍സാണ് നിധീഷ് റാണ സ്വന്തമാക്കിയത്. റാണയുടെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. മൂന്നു ബൗണ്ടറിയും ഒരു സിക്സുമടക്കം 29 പന്തില്‍ 40 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ കെയ്റോണ്‍ പൊളാര്‍ഡ് 23 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്സുമടക്കം 39 റണ്‍സെടുത്തു. പൊളാര്‍ഡും രോഹിതും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തത് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സിന് സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിനെ നഷ്ടമായി. എന്നാല്‍, ബ്രണ്ടന്‍ മക്കല്ലവും നായകന് സുരേഷ് റെയ്നയും ചേര്‍ന്ന് ലയണ്‍സിനു മികച്ച കൂട്ടുകെട്ട് സമ്മാനിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് കാര്‍ത്തികാണ് ലയണ്‍സിനെ മികച്ച സ്കോറിലെത്തിച്ചത്. 26 പന്തില്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 48 റണ്‍സാണ് കാര്‍ത്തിക് സ്വന്തമാക്കിയത്.
44 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്സുമടക്കം 64 റണ്‍സെടുത്ത ഓപ്പണര്‍ മക്കല്ലമാണ് ടോപ് സ്കോററര്‍. മുംബൈക്കു വേണ്ടി മിച്ചല്‍ മക്്ക്ലനേഗന്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.
ഹര്‍ഭജനും മലിംഗയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കും തുടക്കത്തിലേ റണ്ണൊന്നുമെടുക്കാതെ പാര്‍ഥിവ് പട്ടേലിനെ നഷ്ടമായി. എന്നാല്‍, ജോസ് ബട്ലര്(24 പന്തില്‍ 26) മുതലുള്ള ബാറ്റ്സ്മാന്മാരുടെ പ്രകടനം മുംബൈയെ തുടര്‍ച്ചയായ നാലാം ജയത്തിലെത്തിച്ചു. ലയണ്‍സിനു വേണ്ടി ആന്‍ഡ്രൂ ടൈ രണ്ടും പ്രവീണ്‍കുമാര്‍ ഒന്നും വിക്കറ്റുകള്‍ നേടി.