ഭോപ്പാൽ: അഞ്ചു വയസുകാരിയെ എട്ടുവയസുകാരനുമായി വിവാഹം കഴിപ്പിക്കാനുള്ള സമുദായ പഞ്ചായത്തിന്റെ തീരുമാനം നടപ്പിലാക്കില്ലെന്ന് സംസ്ഥാന പഞ്ചായത്ത് മന്ത്രി വിശ്വാസ് സാരംഗ്. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്നും അത് ഒരുക്കലുംസമൂഹത്തിൽ അനുവദിക്കില്ലെന്നും സാംരഗ് പറഞ്ഞു.
പശുക്കുട്ടിയെ കൊന്നയാൾ പ്രായച്ഛി ത്തമായി അഞ്ചു വയസുള്ള മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു സമുദായ പഞ്ചായത്തിന്റെ വിധി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണു സംഭവം. പെൺകുട്ടിയുടെ അമ്മ ജില്ലാ ഭരണകൂടത്തെ സമീപിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
ബൻജാര സമുദായത്തിനു പ്രാമുഖ്യമുള്ള താരാപുർ ഗ്രാമത്തിലെ സമുദായ പഞ്ചായത്ത് നാലു മാസം മുന്‍പാണു ശിക്ഷ വിധിച്ചത്. വിവാഹം തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ സമീപിച്ചെന്നും ഒരു സംഘം ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം താരാപുരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിയാസ് ഖാൻ പറഞ്ഞു. തുടർ സംഭവവികാസങ്ങളെക്കുറിച്ചു റിപ്പോർട്ട് നല്കാൻ ആംഗൻവാടി വർക്കറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നു വർഷം മുന്‍പാണു സംഭവങ്ങളുടെ തുടക്കം. കൃഷിയിടത്തിലിറങ്ങിയ പശുക്കുട്ടിയെ കർഷകൻ കല്ലെറിഞ്ഞ് ഓടിച്ചു. എന്നാൽ, പിന്നീട് പശുക്കുട്ടി ചത്തു. തുടർന്ന് സമുദായ പഞ്ചായത്ത് യോഗം ചേർന്നു കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. പാപപരിഹാരത്തിനായി തീർഥാടനം നടത്താനും ഗ്രാമവാസികൾക്കു സദ്യ നടത്താനും സമുദായ പഞ്ചായത്ത് ആവശ്യപ്പെട്ടു. കർഷകകുടുംബം ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു.
എന്നാൽ, ബഹിഷ്കരണം അതുകൊണ്ടും അവസാനിച്ചില്ല. ഗ്രാമത്തിൽ വിവാഹപ്രായമെത്തിയ യുവജനങ്ങൾ നിരവധിയുണ്ടെന്നും പക്ഷേ വിവാഹം നടക്കുന്നില്ലെന്നും സമുദായ പഞ്ചായത്ത് വിലയിരുത്തി. പശുക്കുട്ടിയെ കൊന്നതാണ് ഇതിനു കാരണമെന്നായിരുന്നു സമുദായ പഞ്ചായത്തിന്റെ കണ്ടെത്തൽ. തുടർന്നാണ് അഞ്ചു വയസുള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിക്കണമെന്നു വിധിച്ചത്.
വിദിഷ ജില്ലയിലുള്ള എട്ടു വയസുള്ള ആൺകുട്ടിയുമായി അഞ്ചു വയസുകാരിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയുടെ അമ്മ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയാണുണ്ടായത്. സംഭവത്തിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി സാരംഗ് വ്യക്തമാക്കി.